നാടെങ്ങും ഫുട്‌ബോൾ ആരവം

ലോകകപ്പ് ഫുട്‌ബോൾ ആരവത്തിൽ തൃശൂർ സിഎംഎസ് സ്‌കൂളിലെ വിദ്യാർഥികൾ /ഫോട്ടോ: ഡിവിറ്റ് പോൾ
തൃശൂർ
എവിടെത്തിരിഞ്ഞു നോക്കിയാലും കുഞ്ഞുമെസിമാരും റൊണാഡോമാരും എംബാപെമാരും യമാൽമാരുമാണ്. അമേരിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ലോക ഫുട്‌ബോൾ മാമാങ്കത്തിന്റെ ആരവങ്ങൾ ആവേശം ഒട്ടും ചോരാതെ തൃശൂർ നഗരത്തിലും നാട്ടിൻപുറങ്ങളിലും അലയടിക്കുകയാണ്. വിവിധ വിദ്യാലയങ്ങളിലും സ്‌പോർട്‌സ് ക്ലബ്ബുകളുടെ നേതൃത്വത്തിലും ഫിഫ ലോകകപ്പ് വിളംബരം നടന്നു. തൃശൂർ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാർഥികൾ ‘കളിയാണ് ലഹരി, ജീവിതമാണ് ലഹരി’ എന്ന സന്ദേശവുമായി തൃശൂർ ടൗണിൽ ലോകകപ്പ് വിളംബരം നടത്തി. തൃശൂർ സിഎംഎസ് ഹയർ സെക്കൻഡറി സ്‌കൂളിലും കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിലും ലോകകപ്പ് വിളംബരത്തിന്റെ ഭാഗമായി വിവിധ പരിപാടി നടന്നു. തൃശൂർ ജില്ലാ സ്പോട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യാഴം വൈകിട്ട് അഞ്ചിന് തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിൽ ലോകകപ്പ് വിളംബര മത്സരങ്ങൾ സംഘടിപ്പിച്ചു. കോർപറേഷൻ കൗൺസിലർമാരുടെയും പത്രപ്രവർത്തകരുടെയും ടീമുകൾ തമ്മിലും വിക്ടർമഞ്ഞില ഇലവനും സി വി പാപ്പച്ചൻ ഇലവനും തമ്മിൽ സൗഹൃദ മത്സരം നടന്നു. ചെന്പൂക്കാവ് ഹോളി ഫാമിലി സ്‌കൂളിൽ വെള്ളിയാഴ്‌ച രണ്ടായിരം കുട്ടികൾ പങ്കെടുക്കുന്ന ഗോളടി മത്സരം നടക്കും. സ്കൂൾ ഗ്രൗണ്ടിൽ പകൽ രണ്ടിനാണ് മെഗാ ഗോളടി നടക്കുക. ഈസ്റ്റ് ബംഗാൾ അസിസ്റ്റന്റ് കോച്ച് ബിനോ ജോർജ് ഉദ്ഘാടനം ചെയ്യും.










0 comments