ad
Deshabhimani

നഗരത്തെ ത്രസിപ്പിച്ച്‌ ജീവനക്കാരുടെ മഹാറാലി

aksharanagariye chuvappichu.

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ നടന്ന റാലി

വെബ് ഡെസ്ക്

Published on Jun 12, 2026, 01:25 AM | 1 min read

കോട്ടയം നോൺഗസറ്റഡ്‌ ജീവനക്കാരുടെ ഏറ്റവും വലിയ അവകാശപോരാട്ട സംഘടനയായ കേരള എൻജിഒ യൂണിയന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ കോട്ടയം നഗരത്തിൽ ജീവനക്കാരുടെ മഹാറാലി നടന്നു. ആയിരക്കണക്കിന്‌ ജീവനക്കാർ പങ്കെടുത്ത റാലി അക്ഷരനഗരിയെ ചുവപ്പിച്ചു. ജീവനക്കാരുടെ ഐക്യത്തിന്റെ വിളംബരംകൂടിയായി അത്. കലക്ടറേറ്റിനു സമീപത്ത്‌ ആരംഭിച്ച റാലിക്ക്‌ ബാൻഡ് മേളവും മുത്തുകുടകളും കൊഴുപ്പേകി. ചരിത്രമുറങ്ങുന്ന അക്ഷരനഗരിയാകെ ജനപക്ഷ സിവിൽ സർവീസെന്ന മുദ്രാവാക്യം മുഴങ്ങി. നാടിന്റെ പുരോഗതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികൾക്കെതിരായ പോരാട്ടകാഹളമായി റാലി. വിവിധ സംഘടനകൾ പാതയോരങ്ങളിൽ അഭിവാദ്യം നൽകാൻ അണിനിരന്നു. കെ കെ റോഡിലൂടെ നീങ്ങിയ പ്രകടനം പൊതുസമ്മേളന നഗരിയായ തിരുനക്കര മൈതാനത്ത്‌ സമാപിച്ചു. പൊതുസമ്മേളന ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വേദിയിലെത്തിയപ്പോൾ ആവേശകരമായ മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ സ്വീകരണം നൽകി. ഇനി രണ്ടുദിവസം ജീവനക്കാരുടെ മഹാസമ്മേളനത്തിന് കോട്ടയം നഗരം ആതിഥേയത്വം വഹിക്കും. പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ്‌ എം എ അജിത്കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം വി ശശിധരൻ, സ്‌റ്റീഫൻ ജോർജ്, മാത്യു ടി തോമസ്, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സ്വാഗതസംഘം ചെയർമാൻ വി എൻ വാസവൻ, സ്വാഗതസംഘം ജനറൽ കൺവീനർ സീമ എസ് നായർ എന്നിവർ സംസാരിച്ചു. തുടർന്ന്‌ കലാപരിപാടികൾ അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home