ad
Deshabhimani

നടപടിയെടുക്കാതെ പൊലീസ്‌

കോൾപ്പാടങ്ങളിൽനിന്ന്‌ 
കോപ്പർ കേബിളുകൾ മോഷ്‌ടിച്ചു

അരിമ്പൂർ ചാലാടി -പഴംകോളിലെ ഡബിൾതറ ഷെഡിൽ 60, 50 എച്ച്പി മോട്ടോറുകളിലേക്കുള്ള കണക്ഷൻ കോപ്പർ വയറുകൾ മുറിച്ചെടുത്ത നിലയിൽ

അരിമ്പൂർ ചാലാടി -പഴംകോളിലെ ഡബിൾതറ ഷെഡിൽ 60, 50 എച്ച്പി മോട്ടോറുകളിലേക്കുള്ള കണക്ഷൻ കോപ്പർ വയറുകൾ മുറിച്ചെടുത്ത നിലയിൽ

വെബ് ഡെസ്ക്

Published on Sep 23, 2026, 12:15 AM | 1 min read

അരിമ്പൂർ

കോൾപ്പാടങ്ങളിലെ മോട്ടോർ ഷെഡുകളിൽ നിന്ന് വ്യാപകമായി കോപ്പർ കേബിളുകൾ മോഷണം പോയി. അരിമ്പൂർ ചാലാടി -പഴംകോൾ കൂട്ടുകൃഷി സഹകരണസംഘം ആർ 802 ലെ ഡബിൾതറ മോട്ടോർ ഷെഡിൽ 60, 50 എച്ച്പി മോട്ടോറുകളിലേക്കുള്ള കണക്ഷൻ കോപ്പർ വയറുകളാണ് മോഷണം പോയത്. സെപ്തംബർ 7ന് പമ്പ് സെറ്റുകളുടെ കേബിളുകൾ മുറിച്ചിട്ട നിലയിൽ കണ്ടിരുന്നു. ഇത് സംബന്ധിച്ച് അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇത്‌ അന്വേഷിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് പടവ് പ്രസിഡന്റ്‌ കെ കെ ശശിധരൻ പറഞ്ഞു. സെപ്തംബർ 12ന് പമ്പ് സെറ്റിന്റെ 6 മീറ്ററോളം വരുന്ന കോപ്പർ കേബിളുകൾ മോഷ്ടാക്കൾ മുറിച്ചെടുത്ത് കൊണ്ടു പോയി. മീറ്ററിന് 3500 രൂപ വിലയുള്ള കോപ്പറുകളാണ് മോഷണം പോയത്. ഈ വിവരവും അന്തിക്കാട് പൊലീസിനെ അറിയിച്ചുവെങ്കിലും നാളിതുവരെയും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേബിളുകൾ മുറിച്ചെടുത്തതോടെ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാതെ വിളയിറക്കൽ പ്രതിസന്ധിയിലാകുമെന്ന ഘട്ടത്തിൽ പാടശേഖര കമ്മിറ്റി ഭാരവാഹികൾ കേബിളുകൾ കൂട്ടിയോജിപ്പിച്ചാണ് മോട്ടോർ പ്രവർത്തിപ്പിക്കുന്നത്. സെപ്തംബർ 17ന് വീണ്ടും മോഷണശ്രമം നടന്നതോടെ സംഘം ഭാരവാഹികൾ മാറി മാറി കാവൽ നിന്ന് മോട്ടോർ ഉപകരണങ്ങൾ സംരക്ഷിക്കുകയാണെന്നും പടവ് ഭാരവാഹികൾ പറഞ്ഞു. ​അരിമ്പൂർ പഞ്ചായത്തിന്റെ കോൾ മേഖലകളുമായി അതിർത്തി പങ്കിടുന്ന അടാട്ട് പഞ്ചായത്തിലെ പുത്തൻ കോൾപ്പടവിൽ തുടങ്ങാനിരുന്ന പമ്പിങ് കേബിൾ മോഷ്ടാക്കൾ മുറിച്ച് കൊണ്ടു പോയതിനാൽ മുടങ്ങി. 60 എച്ച്പി മോട്ടോറിന്റെ 4 മീറ്ററും 50 എച്ച്പിയുടെ മോട്ടോറിന്റെ 2 മീറ്ററും ഉൾപ്പെടെ വിലയേറിയ 6 മീറ്റർ കേബിളുകളാണ് മോഷണം പോയത്. ദിവസങ്ങൾക്കു മുന്പ്‌ സൗത്ത് മണലൂർ പാടശേഖരസമിതിയുടെ കാഞ്ഞാം കോൾപ്പടവിലെ പഴങ്ങാംപറമ്പ്തറ, വാഴക്കോൾ തറ എന്നീ മോട്ടോർ ഷെഡുകളിലും മോഷണം നടന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home