വരുമാന നഷ്ടം
നിരത്തൊഴിയാൻ സ്വകാര്യ ബസുകൾ

തൃശൂർ
നഷ്ടത്തെത്തുടർന്ന് സർവീസ് നിർത്തിവയ്‌ക്കാൻ നിർബന്ധിതരായി സ്വകാര്യ ബസ് ഉടമകൾ. സർവീസ് നിർത്തിവയ്‌ക്കുന്ന കാലയളവിൽ നികുതി ഒഴിവാക്കിക്കിട്ടുന്നതിനുള്ള ജി ഫോം സമർപ്പിച്ച് ബസുകൾ കയറ്റിയിടാനുള്ള തയ്യാറെടുപ്പിലാണ് ബസ് ഉടമകളിൽ പലരും. ദിവസവും രണ്ടായിരം മുതൽ മൂവായിരം രൂപവരെയാണ് നഷ്ടമെന്ന് ബസുടമകൾ പറഞ്ഞു. ഡീസൽ വില വർധനയെത്തുടർന്ന് പ്രതിദിന ചെലവിൽ ശരാശരി 800 മുതൽ ആയിരം രൂപവരെ അധികച്ചെലവ് വന്നിരുന്നു. കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിച്ചതോടെ വരുമാനത്തിൽ മൂവായിരം രൂപവരെയാണ് കുറഞ്ഞത്. റോഡ് നികുതിയിൽ ഇളവുവരുത്തുകയോ പകുതി വിലയ്‌ക്ക് ഡീസൽ ലഭ്യമാക്കുകയോചെയ്യാതെ പിടിച്ചുനിൽക്കാനാവില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം എസ് പ്രേംകുമാർ പറഞ്ഞു. ബജറ്റിൽ പറഞ്ഞ ത്രൈമാസ നികുതിയിളവുകൊണ്ട് ഒരു ബസിന് 120 രൂപയാണ് ഇളവുലഭിക്കുന്നത്. നഷ്ടം രണ്ടായിരത്തിലേറെയും. സ്‌ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് എതിരല്ല. സ്വകാര്യ ബസുകളിലും ഇത് നടപ്പാക്കണം. ഇതിനാവശ്യമായ തുക ബസ് ഉടമകൾക്ക് സർക്കാർ നൽകണം. ഇൗ ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്‌ച മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണുമെന്ന് പ്രേംകുമാർ പറഞ്ഞു. സ്വകാര്യ ബസ് സർവീസ് പ്രതിസന്ധിയിലാകുന്നത് ജില്ലയിലെ ആയിരക്കണക്കിന് ബസ് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും. 1200 ബസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. ഗുരുവായൂർ– എറണാകുളം, തൃശൂർ–പാലക്കാട്, തൃശൂർ–കോഴിക്കോട്, ഗുരുവായൂർ– പൊന്നാനി, ആന്പല്ലൂർ–ഇരിങ്ങാലക്കുട, മാള–തൃശൂർ, കൊടുങ്ങല്ലൂർ–തൃശൂർ, വെള്ളിക്കുളങ്ങര–ചാലക്കുടി, തൃശൂർ–മെഡിക്കൽ കോളേജ് റൂട്ടുകളിലാണ് വരുമാന നഷ്‌ടം കൂടുതൽ. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സർവീസ് അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബസ് ഉടമകൾ ആലോചിക്കുന്നത്.








0 comments