കക്ഷിനിലയിൽ മുന്നിൽ അർജന്റീന
റഫറിയില്ല, ഫൗൾ ഇല്ല, ഫെയർ പ്ലേ മാത്രം

ലോകകപ്പ് ഫുട്ബോൾ ആവേശം നെഞ്ചേറ്റി ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഇഷ്ടതാരങ്ങളുടെയും ടീമുകളുടെയും ജഴ്സിയണിഞ്ഞ് എത്തിയ അംഗങ്ങളുടെ ആഹ്ലാദം ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ
ആലപ്പുഴ
തിങ്കളാഴ്‌ച ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തിയവർ ആദ്യം ഒന്നമ്പരന്നു. പതിവ് വേഷം ഒഴിവാക്കി ജില്ലാ പഞ്ചായത്തംഗങ്ങൾ വിവിധ രാജ്യങ്ങളുടെ ഫുട്‌ബോൾ ടീം ജഴ്‌സി അണിഞ്ഞ് നിൽക്കുന്നു. കളി കാര്യമായോ ആരാ റഫറി തുടങ്ങിയ ചോദ്യങ്ങൾ പിന്നാലെയെത്തി.
ലോകകപ്പ് ആവേശത്തിലാണ് രാഷ്‌ട്രീയഭേദമില്ലാതെ അംഗങ്ങൾ ജഴ്‌സിയണിഞ്ഞത് എന്നറിഞ്ഞപ്പോൾ എല്ലാവർക്കും കൗതുകമായി. വേർതിരിവില്ലാത്ത ജില്ലാ പഞ്ചായത്ത് യോഗത്തിൽ ലയണൽ മെസി, നെയ്‌മർ, ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ജഴ്‌സി അണിഞ്ഞാണ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തത്. തരിശുഭൂമി കൃഷി യോഗ്യമാക്കുന്നതും തോടിന്റെ ആഴം കൂട്ടി കയര്‍ഭൂവസത്രം വിരിച്ച് സംരക്ഷിക്കുന്നതുമെല്ലാം ചര്‍ച്ചയായി. ഓണാഘോഷം സംബന്ധിച്ചും ഒരു ധാരണയിലെത്തി.
സ്പോൺസർമാരുടെ സഹായത്തോടെ 24 ഡിവിഷനിലും പ്രത്യേക സ്‍ക്രീനിൽ ലോകകപ്പ് ഫൈനൽ കാണാനുള്ള സൗകര്യമൊരുക്കാനും തീരുമാനിച്ചു. ഇടയ്‍ക്ക് ചായയും ഇലയടയും കഴിച്ചു. മുഴുവൻ അജൻഡകളും പാസാക്കി. കാണാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിൽ പോസ് ചെയ്‍തശേഷം യോഗം പിരിഞ്ഞു.!
പ്രസിഡന്റ് എ മഹേന്ദ്രേൻ, വൈസ്‌പ്രസിഡന്റ് ഷീന സനൽകുമാര്‍, സെക്രട്ടറി വി പ്രദീപ്കുമാർ എന്നിവർ അർജന്റീന ടീമിന്റെ ജഴ്സിയണിഞ്ഞാണ് എത്തിയത്. ആരാധകരുടെ കക്ഷിനില പരിശോധിച്ചാൽ അർജന്റീനയാണ് മുന്നിൽ, ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. രണ്ടുപേര്‍ റൊണോൾഡോയുടെയും പോർച്ചുഗലിന്റെയും ജഴ്സിയണിഞ്ഞെത്തി. ജില്ലാ പഞ്ചായത്തിന് പുറത്തെ പാർക്കിങ് ഗ്രൗണ്ടിൽ പന്തുതട്ടിയ ശേഷമാണ് അംഗങ്ങള്‍ മടങ്ങിയത്.










0 comments