print edition വീര്യമേറി രോഷം; പ്രതിപക്ഷത്തുള്ളപ്പോഴും കോൺഗ്രസ് മദ്യക്കമ്പനിക്കൊപ്പം

പ്രത്യേക ലേഖകൻ
Published on Jun 23, 2026, 02:38 AM | 1 min read
തിരുവനന്തപുരം : സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്‌ക്കാനുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയമായ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ശക്തം. കോൺഗ്രസിലും ഘടകക്ഷികൾക്കിടയിലും സതീശനെതിരെ രോഷം അണപൊട്ടി. മന്ത്രിസഭയിലും കോൺഗ്രസിലും ഏകാഭിപ്രായമില്ലാത്തതും വിവിധ മത, സാമുദായിക സംഘടനകൾക്കിടയിൽ പ്രതിഷേധം കനത്തതും സർക്കാരിനെ പ്രതിരോധത്തിലാക്കി. മദ്യനയം തീരുമാനിക്കുംമുമ്പേ ബജറ്റ് നിർദേശത്തിൽ ഇളവ് പ്രഖ്യാപിച്ചതിലെ നീരസം എക്‌സൈസ് മന്ത്രി എം ലിജു മുഖ്യമന്ത്രിയെ അറിയിച്ചു.
പ്രതിപക്ഷത്തുള്ളപ്പോഴും കോൺഗ്രസ് നേതാക്കൾ വൻകിട സ്വകാര്യ മദ്യക്കമ്പനികൾക്കായി നികുതി ഇളവിന് നെട്ടോട്ടമോടിയിരുന്നു. അന്ന് നിയമസഭയിൽ കുഴൽനാടൻ, അൻവർ സാദത്ത് എന്നിവരാണ് വിവിധ ചോദ്യങ്ങളിലായി മദ്യ കുത്തക ബക്കാഡിയയുടെ ആവശ്യങ്ങൾ ഉന്നയിച്ചത്. എംഎൽഎമാരിൽ ഭൂരിപക്ഷ പിന്തുണയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കഴിഞ്ഞ ദിവസം സതീശന് കത്തയച്ചിരുന്നു.
സർക്കാർ നീക്കം സംശയാസ്‌പദമെന്ന് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളെയും പുതിയ തലമുറയെയും ഇത് പ്രതികൂലമായി ബാധിക്കും. സർക്കാരിന്റെ നയം പാളിയെന്ന് ഓർത്തഡോക്‌സ് സഭാ വക്താക്കളും പറഞ്ഞു. മദ്യമൊഴുക്കുന്നതിൽനിന്ന് സർക്കാർ പിന്മാറണമെന്ന് സമസ്‌ത ഉൾപ്പെടെയുള്ള സംഘടനകളും ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ജമാ അത്ത് ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി.
ആശങ്ക പരിഹരിക്കണം: കെ സി വേണുഗോപാൽ
ആലപ്പുഴ : മദ്യനയത്തിലും കരിമണൽ ഖനനത്തിലും ഉയർന്ന ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യും. തീരദേശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മത്സ്യമേഖലയിലുള്ളവരും മത്സ്യത്തൊഴിലാളി സംഘടനകളുമായി സംസാരിച്ച് വേണം പരിഷ്‌കരിക്കാൻ.
കരിമണൽ ഖനനത്തിൽ ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിക്കണം. ഖനനത്തിൽ കോൺഗ്രസിന്റെ ദേശീയ നിലപാടുകൾക്കനുസരിച്ചേ കേരളത്തിലും കാര്യങ്ങൾ നടപ്പാക്കു. തീരുമാനങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമാണോ എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പാർടിക്കും സർക്കാരിനുമുണ്ടെന്നും വേണുഗോപാൽ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.










0 comments