print edition നീറ്റ് പുനഃപരീക്ഷയിലും തട്ടിപ്പ്; ആൾമാറാട്ടത്തിൽ 9 അറസ്റ്റ്


സ്വന്തം ലേഖകൻ
Published on Jun 23, 2026, 02:31 AM | 1 min read
ന്യൂഡൽഹി : നീറ്റ് ചോദ്യച്ചോർച്ചയ്‌ക്കും ക്രമക്കേടുകൾക്കുമൊടുവിൽ കേന്ദ്രസർക്കാരും എൻടിഎയും കൊട്ടിഘോഷിച്ച് നടത്തിയ പുനഃപരീക്ഷയിലും വന്‍പാളിച്ച. അപേക്ഷിച്ച വിദ്യാർഥികൾക്ക് പകരം പരീക്ഷയെഴുതാനെത്തിയ ഒമ്പത് മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ ബിഹാറിൽ പിടിയിലായി. എൻടിഎ കരാർ നൽകിയ സ്വകാര്യ ബയോ മെട്രിക് കമ്പനിയിലെ ജീവനക്കാരാണ് തട്ടിപ്പിന് കളമൊരുക്കിയത്.
പഴുതടച്ച സുരക്ഷാ ക്രമീകരണമുണ്ടെന്ന് അവകാശപ്പെട്ട് ടെലിഗ്രാം ഉൾപ്പെടെ നിരോധിച്ചിട്ടും രാജ്യവ്യാപക തട്ടിപ്പ് നടന്നതിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ബിഹാറിലെ ലഖിസാരായിയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെ തട്ടിപ്പിൽ 30 പേര്‍ അറസ്റ്റിലായി. യുപി, പശ്‌ചിമബംഗാള്‍, മധ്യപ്രദേശ്, ഡല്‍ഹി, ഒഡിഷ എന്നിവടിങ്ങളിലെ മെഡിക്കൽ, ബിഫാം, നഴ്‌സിങ് വിദ്യാർഥികളാണ് ലക്ഷങ്ങൾ കൈപ്പറ്റി ആൾമാറാട്ടക്കാരായെത്തിയത്.
ബയോമെട്രിക് സംവിധാനത്തിൽ ക്രമക്കേടുണ്ടാക്കിയാണ് സ്വകാര്യ കമ്പനിയിലെ ജീവനക്കാര്‍ ഇവരെ സഹായിച്ചത്. 14 ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 20 മുതൽ 30 ലക്ഷം വരെയാണ് തട്ടിപ്പിന് പ്രതിഫലം വാങ്ങിയത്. പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥി മയാങ്ക് കശ്യപ് ഹാസൻപുർ ഹൈസ്‌കൂളിലെ പരീക്ഷാകേന്ദ്രത്തിൽ ബയോമെട്രിക് കന്പനി ജീവനക്കാരനെന്ന വ്യാജേന കടന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇയാളെ ചോദ്യംചെയ്‌തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.










0 comments