പാട്ടിലലിഞ്ഞ് പാതിരിമാർ

ലോക സംഗീത ദിനത്തോടനുബന്ധിച്ച് വിയ്യൂർ നിത്യസഹായമാതാ പള്ളിയിൽ പാടും പാതിരിമാരായ ഫാ.പോൾ പൂവത്തിങ്കൽ , ഫാ.ആൻജോ പുത്തൂർ അവതരിപ്പിച്ച സംഗീതക്കച്ചേരി
സി എ പ്രേമചന്ദ്രൻ
Published on Jun 21, 2026, 12:44 AM | 1 min read
തൃശൂർ
തിരുവസ്‌ത്രവും കുരിശുമാലയുമണിഞ്ഞ് സംഗീതത്തിൽ അലിയുകയാണ് രണ്ട് പാടും പാതിരിമാർ. ബൈബിൾ സംഗീതോത്സവമെന്നാണ് പേരെങ്കിലും ഇൗ കച്ചേരിക്ക് മതനിരപേക്ഷ സൗന്ദര്യം. സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. പോൾ പൂവത്തിങ്കലും -ഫാ. ആൻജോ പുത്തൂരും ഒന്നിച്ചാണ് കച്ചേരി. വിയ്യൂർ നിത്യസഹായമാത പള്ളിയുടെ ആഭിമുഖ്യത്തിൽ ലോകസംഗീത ദിനത്തോടനുബന്ധിച്ച് ശനിയാഴ്‌ച വൈകിട്ടായിരുന്നു സംഗീതക്കച്ചേരി. പരിശുദ്ധാത്മാവേ എന്ന് തുടങ്ങുന്ന പാട്ടോടെയായിരുന്നു തുടക്കം. ഒന്നര മണിക്കൂർ നീണ്ട കച്ചേരി ഹൃദ്യമായി. പാടും പാതിരിമാർക്കൊപ്പം പ്രൊഫ. അബ്‌ദുൾ അസീസ് വയലിനും വെള്ളാറ്റഞ്ഞൂർ ശ്രീജിത് ഘടവും, രാമയ്‌ക്കൽ മേട് കലൈനാഥ് മൃദംഗവും വായിച്ചു. കർണാടക സംഗീതത്തിൽ മാസ്റ്റർ ബിരുദവും പിഎച്ച്ഡിയും നേടിയ പോൾ പൂവത്തിങ്കൽ നിരവധി രാജ്യങ്ങളിൽ സംഗീതക്കച്ചേരി നടത്തിയിട്ടുണ്ട്. തൃശൂർ ചേതന ഗാനാശ്രമത്തിന്റെ എക്‌സി. ഡയറക്ടറാണ്. കർണാടക സംഗീതത്തിൽ പാശ്ചാത്യ സംഗീതത്തിന്റെ സ്വാധീനം എന്ന വിഷയത്തിൽ പഠനത്തിന് കേന്ദ്ര ഗവണ്മെന്റിന്റെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ പ്രകാശിപ്പിച്ച ‘സർവേശ’ ആൽബം തയ്യാറാക്കിയ സംഗീതജ്ഞനാണ്. ന്യൂറോളജിക് മ്യൂസിക് തെറാപ്പി സെറിബ്രൽപാൾസി, ഓട്ടിസം തുടങ്ങി മസ്‌തിഷ്‌കസംബന്ധമായ രോഗികൾക്ക് ആശ്വാസമേകുന്നു. ശബ്‌ദചികിത്സയും നടത്തുന്നു. രാജ്യത്ത് ആദ്യമായി ഗാനാശ്രമം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്. ഫാ. ആൻജോ പുത്തൂർ സംഗീതത്തിൽ ബിരുദവും പിജിയും നേടി. തിരുച്ചിറപ്പള്ളി കലൈ കാവേരി കോളേജിൽ നിന്ന് എംഫിലും നേടി. തമിഴ്‌നാട് കേന്ദ്ര സർവകലാശാലയിൽ സംഗീതത്തിൽ ഗവേഷണം നടത്തുകയാണ്.ചേതന ഗാനാശ്രമത്തിൽ ഫാ. പോൾ പൂവത്തിങ്കലിനൊപ്പം ഫാ. ആൻജോ പുത്തൂർ പ്രവർത്തിച്ചിട്ടുണ്ട്. ഇരുവരും വിയ്യൂർ സ്വദേശികളാണ്. ആൻജോ പൂത്തൂരിന്റെ പിതാവ് തോമസ് ഓൾ ഇന്ത്യ റേഡിയോയിൽ ഗിത്താർ ആർട്ടിസ്‌റ്റായിരുന്നു.









0 comments