ad
Deshabhimani

കുട്ടികളുടെ ആധാര്‍ 
രജിസ്‌ട്രേഷന്‍ സൗജന്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 21, 2026, 01:27 AM | 1 min read

കൊല്ലം

അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന്‍ സൗജന്യമാക്കിയതായി കലക്ടര്‍ ആനി ജൂല തോമസ്‌ അറിയിച്ചു. അഞ്ച് വയസ്സിലും 15 വയസ്സിലും ചെയ്യേണ്ട നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ സെപ്തംബര്‍ വരെ എല്ലാ ആധാര്‍കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. നവജാതശിശുക്കള്‍ ഉള്‍പ്പെടെ അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റും അച്ഛനമ്മമാരുടെ ആധാര്‍ കാര്‍ഡും ഉപയോഗിച്ച് പുതിയ ആധാര്‍ എടുക്കാം. ഈ പ്രായത്തിലുള്ള കുട്ടികളുടെ വിരലടയാളമോ കൃഷ്ണമണി രേഖയോ ശേഖരിക്കില്ല. കുട്ടികള്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എടുക്കണം. അഞ്ചുവയസ്സിലും 15 വയസ്സിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ)നിര്‍ബന്ധമായും പുതുക്കണം. അഞ്ചുമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സെപ്തംബര്‍ വരെ ഈ സേവനം സൗജന്യമാണ്. കൃത്യസമയത്ത് ബയോമെട്രിക്‌ വിവരങ്ങള്‍ പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാനിടയുണ്ട്. സ്‌കോളര്‍ഷിപ്, റേഷന്‍കാര്‍ഡില്‍ പേരുചേര്‍ക്കല്‍, സ്‌കൂള്‍/കോളേജ് പ്രവേശനം, ഡിജിലോക്കര്‍ എന്നിവയ്ക്കും നീറ്റ്, ജെഇഇ, കീം തുടങ്ങിയ മത്സരപരീക്ഷകള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും ആധാര്‍വിവരങ്ങള്‍ കൃത്യമായിരിക്കണം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരും ഇ-മെയിലും നിലവില്‍ ഉപയോഗിക്കുന്നവ തന്നെയെന്ന് ഉറപ്പാക്കണം. പുതിയ ആധാര്‍ എടുക്കാനും പുതുക്കാനുമായി അക്ഷയകേന്ദ്രങ്ങളെയോ അംഗീകൃത ആധാര്‍കേന്ദ്രങ്ങളെയോ സമീപിക്കാം. വിവരങ്ങള്‍ക്ക്: 1800-4251-1800 (ടോള്‍ ഫ്രീ), 0471-2335523 എന്നിവയിലോ കേരള സ്റ്റേറ്റ് ഐടി മിഷന്‍ ആധാര്‍ സെക്‍ഷനുമായോ (04712525442) ബന്ധപ്പെടാമെന്നും കലക്ടര്‍ അറിയിച്ചു. ഇ-മെയില്‍: [email protected].



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home