ആലുവയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണം

പൊലീസ് നടപടികൾ കർശനമാക്കണമെന്നും രാത്രിയിൽ സ്ഥിരമായി പട്രോളിങ് നടത്തണമെന്നും ആവശ്യപ്പെട്ട് ആലുവ ഡിവൈഎസ്‌പി എൻ ബാബുകുട്ടന് വ്യാപാരസംഘടനാ ഭാരവാഹികൾ പരാതി നൽകുന്നു
ആലുവ
ആലുവ നഗരത്തിൽ ക്ലീനപ് ഡ്രൈവ് നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ ടൗൺ യൂണിറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കുള്ളിൽ ആലുവ പട്ടണത്തിൽ പത്തിലധികം സ്ഥലങ്ങളിൽ മോഷണവും മോഷണശ്രമങ്ങളുമുണ്ടായി.
ഷോപ്പിങ് കോംപ്ലക്സുകളിലും കടകൾക്കുമുന്നിലും രാത്രി തമ്പടിക്കുന്നവർ ലഹരിമരുന്ന് ഇടപാടുകൾ നടത്തി സിറിഞ്ചുകളും മരുന്നുകളും കടകൾക്കുമുന്നിൽ ഉപേക്ഷിക്കുന്നതും പതിവായി. ലഹരി ഇടപാടുകാരും കുറ്റവാളികളും പോക്കറ്റടിക്കാരുമെല്ലാം രാത്രിയിൽ കടത്തിണ്ണയിലെ കിടപ്പുകാരുടെ മറവിൽ ഇടംപിടിക്കുന്നു. ജില്ലാ ആശുപത്രിപ്പരിസരത്ത് ലൈംഗിക തൊഴിലാളികളും രാത്രിയിൽ തന്പടിക്കാറുണ്ട്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒറ്റരാത്രിതന്നെ റെയിൽവേ സ്റ്റേഷൻ റോഡിലെ ടെക് ക്യു മൊബൈൽ സ്റ്റാർ, നൈൽ ഫാൻസി, ഡ്രീംസ് ബിൾഡേഴ്സ്, ഉറുമ്പത്ത് ജോഷി എന്നിവിടങ്ങളിലെ എസി യൂണിറ്റുകളുടെ കോപ്പർവയറുകൾ മോഷ്ടാക്കൾ കവർന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ കെഎപി കോംപ്ലക്സിലെ ഇൻകം ടാക്സ് ഓഫീസിലെ പത്തോളം എസികളുടെ കോപ്പർവയറും മോഷ്ടിച്ചു. പമ്പുകവലയിൽ സെന്റ് ജോൺസ് സ്കൂളിലും സമാനകവർച്ച നടന്നു.
അതിഥിത്തൊഴിലാളികൾ തിരിച്ചുവരാൻ തുടങ്ങിയതോടെ റെയിൽവേസ്‌റ്റേഷൻ കേന്ദ്രീകരിച്ച് പോക്കറ്റടിയും മൊബൈൽ പിടിച്ചുപറിയും വർധിച്ചു. പൊലീസ് നടപടികൾ കർശനമാക്കണമെന്നും രാത്രിയിൽ സ്ഥിരമായി പട്രോളിങ് നടത്തണമെന്നും ആവശ്യപ്പെട്ട് ആലുവ ഡിവൈഎസ്‌പി എൻ ബാബുകുട്ടന് കെവിവിഇഎസ് ടൗൺ പ്രസിഡന്റ് എസ് എ രാജൻ, സെക്രട്ടറി റഫീഖ് അഹമ്മദ്, ഭാരവാഹികളായ കെ താഹ, വി എ ഷംസുദ്ദീൻ എന്നിവർ പരാതി നൽകി.








0 comments