വെല്ലുവിളികളെ സംഗീതംകൊണ്ട് മറികടന്ന് ഗണേശൻ മൃദംഗത്തിൽ പഠനം; ഡ്രംസിൽ ‘മാന്ത്രികൻ’

നീലേശ്വരം സംഗീതം സിരകളിൽ നുരയുന്ന ലഹരിയാണ് ഗണേശന്. പഠനമാരംഭിച്ചത് മൃദംഗത്തിലാണെങ്കിലും ഡ്രംസിലാണ് ‘മാന്ത്രിക’ ബീറ്റുകൾ തീർത്തത്. ശാരീരികവെല്ലുവിളികൾ മറന്ന് നാലര പതിറ്റാണ്ടായി തന്റെ സംഗീതസപര്യ തുടരുകയാണ് ഈ കലാകാരൻ. 1981–ൽ ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് മൃദംഗം പഠിക്കാൻ തുടങ്ങിയത്. പിന്നീട് ഡ്രംസിലേക്ക് തിരിഞ്ഞു. പി ജയചന്ദ്രൻ, ദക്ഷിണാമൂർത്തി, പി ലീല, ബ്രഹ്മാനന്ദൻ, വേണുഗോപാൽ, കാഞ്ഞങ്ങാട് രാമചന്ദ്രൻ, വിധുപ്രതാപ്, മഞ്‌ജരി, മധു ബാലകൃഷ്ണൻ, റിമി ടോമി തുടങ്ങി ഒട്ടുമിക്ക ഗായകർക്കും കേരളത്തിനകത്തും പുറത്തുമായി പിന്നണി വായിച്ചു. ജീവിതത്തിലലിഞ്ഞ കല കലയും സംഗീതവും ഗണേശന് ജീവിതത്തിലലിഞ്ഞതാണ്. മലബാറിലെ ഏറ്റവും പ്രശസ്തമായ നാടകട്രൂപ്പായ നീലേശ്വരം യുവജന കലാസമിതിയുടെ മതിൽക്കെട്ടിനു പുറത്താണ് ഗണേശന്റെ വീട്. കുഞ്ഞുനാൾമുതലേ നാടകം കണ്ടുംകേട്ടും വളർന്നു. സഹോദരൻ രാജൻ നാടകത്തിൽ മൃദംഗവാദകൻ കൂടിയായിരുന്നു. നാടകങ്ങകൾക്ക് താളം പിടിക്കുന്ന ഗണേശനെ ശ്രദ്ധിച്ച നാടകക്കാരായ ശശി നീലേശ്വരവും രാജ്മോഹൻ നീലേശ്വരവുമാണ് ഗണേശനെ പഠിപ്പിക്കണമെന്ന് വീട്ടുകാരോട് നിർബന്ധിച്ചത്. അങ്ങനെയാണ് സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സഹോദരൻ രഘുവിന്റെ കീഴിൽ മൃദംഗ പഠനം തുടങ്ങിയത്. പിന്നീട് പാലക്കാട് ചെമ്പൈ സ്മാരക ഗവ സംഗീത കോളേജിൽ ഡിപ്ലോമക്ക് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. അവിടെനിന്ന്‌നേരെ സ്റ്റേജ് ആർട്ടിസ്റ്റായി. വെല്ലുവിളികളെ അതിജീവിച്ച് സംഗീതയാത്ര ചെറുപ്പത്തിൽതന്നെ പോളിയോ ബാധിച്ചു ഒരു കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും അതെല്ലാം അതിജീവിച്ചാണ് ഗണേശൻ തന്റെ സംഗീതയാത്ര തുടർന്നത്. മൃദംഗത്തിൽ ശാസ്ത്രീയ പഠനം നടത്തിയെങ്കിലും സ്വയം പരിശീലകനായാണ് ഡ്രംസിലെത്തിയത്. 1996 മുതൽ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വൃന്ദവാദ്യ പരിശീലകരിൽ ഒരാളാണ് ഗണേശൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ശിഷ്യരുമുണ്ട്. നീലേശ്വരം തളിയിൽ ശിവക്ഷേത്രത്തിന് സമീപത്തെ പരേതനായ എം ജനാർദ്ദനൻ കെ നാരായണി ദമ്പതികളുടെ മകനാണ്.









0 comments