കാഷ്യൂ കോർപറേഷൻ, കാപ്പക്‌സ്
ബജറ്റിൽ അവഗണന: ജോലി തുടരുന്നത് മുൻ ഭരണസമിതിയുടെ ദീർഘവീക്ഷണം


സ്വന്തം ലേഖകൻ
Published on Jun 21, 2026, 01:32 AM | 1 min read
കൊല്ലം
മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ കശുവണ്ടി മേഖലയ്‌ക്ക് കാര്യമായ പരിഗണനയൊന്നും ലഭിക്കാത്തപ്പോഴും കാഷ്യൂ കോർപറേഷൻ, കാപ്പക്‌സ് ഫാക്‌ടറികളിൽ ഇപ്പോഴും തൊഴിലാളികൾക്ക് ജോലിയുള്ളത് മുൻ ഭരണസമിതികളുടെ ദീർഘവീക്ഷണ നടപടിയിൽ. എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിലും കശുവണ്ടി വികസന കോർപറേഷനിലെ 30 ഫാക്‌ടറികളിലേക്ക് 1500 ടൺ തോട്ടണ്ടി ഐവറികോസ്‌റ്റിൽനിന്ന് ഇറക്കുമതി ചെയ്‌തിരുന്നു. 10 മാസംമുന്പ് ഇറക്കുമതി ചെയ്‌ത തോട്ടണ്ടിയാണ് സംസ്ഥാനത്ത് ഭരണംമാറിയിട്ടും കശുവണ്ടിത്തൊഴിലാളികൾക്ക് ഉപകരിച്ചത്. ഓണക്കാലം വരെ ജോലി ഉറപ്പാക്കാനുള്ള 2000 ടൺ തോട്ടണ്ടി കൂടി ഐവറികോസ്‌റ്റിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനും ചെയർമാൻ എസ് ജയമോഹന്റെ നേതൃത്വത്തിലുണ്ടായിരുന്ന കാഷ്യൂ കോർപറേഷൻ ഭരണസമിതി നടപടി സ്വീകരിച്ചിരുന്നു. ഇതിൽ 77ടൺ തോട്ടണ്ടിയുമായി ആദ്യ കപ്പൽ തൂത്തുക്കുടി തുറമുഖത്ത് 25ന് എത്തുമെന്നാണ് കോർപറേഷന് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള തോട്ടണ്ടി ജൂലൈ 15ന് മുന്പായി ഘട്ടമായി എത്തും. കാഷ്യൂ ബോർഡ് വഴിയാണ് തോട്ടണ്ടി ഇറക്കുമതി. വരുന്ന ഓണക്കാലത്ത് കശുവണ്ടിത്തൊഴിലാളികൾക്ക് ബോണസ് ഉറപ്പാക്കാനും കരുതൽ നടപടിയായി ഫണ്ട് കണ്ടെത്തിയിട്ടാണ് ഭരണസമിതി ഒഴിഞ്ഞത്. കാപ്പക്‌സിന് ഉള്ളത് 10 ഫാക്‌ടറിയാണ്. ഇവിടെയും തുടർന്നും ജോലി ഉറപ്പാക്കാൻ ഐവറികോസ്‌റ്റിൽ നിന്ന് 200 ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടി ഭരണസമിതി കൈക്കൊണ്ടിരുന്നു. തോട്ടണ്ടി ഇറക്കുമതിക്ക് എഗ്രിമെന്റ് നടപടിയാണ് പൂർത്തീകരിച്ചിട്ടുള്ളത്. ചെയർമാനായിരുന്ന എം ശിവശങ്കരപ്പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണസമിതി എൽഡിഎഫ് സർക്കാരിന്റെ സഹായത്താൽ തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പാക്കി. കാഷ്യൂകോർപറേഷനിൽ 11,000 തൊഴിലാളികളും കാപ്പക്‌സിൽ 4000 തൊഴിലാളികളുമാണ് ഉള്ളത്. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ ബജറ്റിൽ കാഷ്യൂകോർപറേഷനെയും കാപ്പക്‌സിനെയും അവഗണിക്കുകയായിരുന്നു. സ്വകാര്യ കശുവണ്ടി ഫാക്‌ടറികളെ സംരക്ഷിക്കാനും ബജറ്റിൽ നിർദേശമില്ല.










0 comments