ad
Deshabhimani

വ്യക്തതയ്‌ക്ക്‌ ഡിഎൻഎ പരിശോധന ആവശ്യം ; സെമിത്തേരിയിൽ അടക്കം ചെയ്തവരെ തിരിച്ചറിഞ്ഞു

police kerala police
വെബ് ഡെസ്ക്

Published on Jun 21, 2026, 02:35 AM | 1 min read

ഇരിട്ടി: അയ്യൻകുന്ന് വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയിൽ കണ്ട രണ്ട് മൃതദേഹങ്ങളും തിരിച്ചറിഞ്ഞതായി പൊലീസ് സ്ഥിരീകരണം. മരിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തിയാണ്‌ സ്ഥിരീകരിച്ചത്‌. കല്ലറ തുറന്ന് മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തണമെന്നാവശ്യപ്പെട്ട് ഇടവക വികാരി ഫാദർ ജിൽബെറ്റ് കൊന്നയിൽ പൊലീസിൽ പരാതി നൽകി. ദുരൂഹത നീങ്ങിയെങ്കിലും വിശ്വാസികൾക്കടക്കം മൃതദേഹം സംബന്ധിച്ച് പൂർണവ്യക്തത വരുത്താനാണ് ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത്‌ അന്വേഷിക്കുമെന്ന്‌ കരിക്കോട്ടക്കരി പ്രിൻസിപ്പൽ എസ്ഐ എം ജെ ബെന്നി പറഞ്ഞു. 13ന് ഇടവകയിൽ മരിച്ചയാളെ സംസ്‌ക്കരിക്കാൻ കല്ലറ തുറന്നപ്പോഴാണ് ഒരു മൃതദേഹം പെട്ടിയിൽ അടക്കം ചെയ്തനിലയിലും മറ്റൊന്ന് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിലും കണ്ടെത്തിയത്. വിശ്വാസപ്രകാരം മൃതദേഹം പായയിൽ പൊതിഞ്ഞ് സംസ്‌കരിക്കില്ല എന്നതാണ് ദുരൂഹതയ്‌ക്കിടയാക്കിയത്‌. 2019-ൽ പള്ളിയും കല്ലറകളും നവീകരിക്കുന്പോൾ കല്ലറയുടെ ക്രമ നമ്പറുകൾ മാറ്റിയതാണ്‌ ആശയക്കുഴപ്പത്തിനിടയാക്കിയത്‌. 2006ലും 2015ലും രണ്ട് മൃതദേഹം ഈ കല്ലറയിൽ അടക്കം ചെയ്തിരുന്നു. അന്ന് 23ാം നമ്പർ കല്ലറയാണ് പുനക്രമീകരണത്തിൽ 38-ാം നമ്പറായത്‌. പള്ളിയിലെ മരണ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ പള്ളി അധികൃതരും പോലീസും നടത്തിയ അന്വേഷണത്തിൽ 38-ാം നമ്പർ കല്ലറയിൽ അടക്കം ചെയ്തവരെ കണ്ടെത്തി. 2006-ൽ കല്ലറയിൽ സംസ്‌കരിച്ച ആളുടെ കുടുംബങ്ങൾ ഇടവകയിലെ താമസക്കാരാണ്‌.

ഇവരുടെ പക്കൽ ഫോട്ടോയും ഉണ്ടായിരുന്നു. 2015-ൽ കല്ലറയിൽ അടക്കം ചെയ്തവരുടെ കുടുംബങ്ങളാകട്ടെ ഇടവകയിൽനിന്ന്‌ മാറി പേരാവൂർ ഈരായിക്കൊല്ലിയിലേക്ക് താമസം മാറിയിരുന്നു. ഈ കുടുംബത്തിലെ ജയിംസിന്റെ മൃതദേഹമാണ് കല്ലറയിൽ രണ്ടാമതായി സംസ്‌ക്കരിച്ചിരുന്നതെന്നും വ്യക്തമായി. ജെയിംസിന്റെ ഭാര്യയെ സെമിത്തേരിയിൽ എത്തിച്ചാണ്‌ പൊലീസ് കല്ലറ സ്ഥിരീകരിച്ചത്‌. അന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹമാണ് കല്ലറയിൽ വച്ചതെന്നുകൂടി ബന്ധുക്കൾ അറിയിച്ചതോടെ ദുരൂഹത നീങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home