യുഡിഎഫ് സർക്കാർ നീക്കത്തിൽ പ്രതിഷേധം
ടെൽക്കിനെ വിറ്റുതുലയ്‌ക്കാൻ നീക്കം: ടെൽക് എംപ്ലോയീസ് യൂണിയൻ

കൊച്ചി
ലോകത്തെ പ്രധാന പവർ ട്രാൻസ്ഫോർമർ നിർമാതാക്കളായ ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്‌ട്രിക്കൽസ് കേരള ലിമിറ്റഡിനെ (ടെൽക്) വിറ്റുതുലയ്ക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിൽ ശക്തമായ പ്രതിഷേധത്തിന് ടെൽക് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആഹ്വാനം ചെയ്‌തു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ സംയുക്ത സംരംഭമായി പ്രവർത്തിക്കുന്ന ടെൽക് മൂന്നുവർഷമായി ലാഭത്തിലാണ്. 5.33 കോടി, 5.39 കോടി, 12.96 കോടി എന്നിങ്ങനെയാണ് തുടർച്ചയായുള്ള ലാഭം. ഇൗ സ്ഥിതിയിലുള്ള ടെൽക്കാണ് അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ വസ്‌തുതാവിരുദ്ധമായ പ്രസ്‌താവനയ്‌ക്കെതിരെ ജീവനക്കാർക്കിടയിൽ വൻ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
പത്തുവർഷത്തിനുള്ളിൽ നൂറിലധികം സ്ഥിരനിയമനങ്ങളാണ് കമ്പനി നടത്തിയത്. ഇത് മറച്ചുവച്ചാണ് ഒരാൾക്കുപോലും ജോലി നൽകിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. 450 കോടിയുടെ ഓർഡർ കൈവശമുള്ള കമ്പനി, ഈ സാമ്പത്തിക വർഷം 323 കോടിയുടെ വിറ്റുവരവും 30 കോടിക്കുമുകളിൽ ലാഭവുമാണ് പ്രതീക്ഷിക്കുന്നത്. ഊർജവിപണിയിൽ വൻ മുന്നേറ്റം നടക്കുന്ന സാഹചര്യമാണ് രാജ്യത്തുളളത്. ഈ സാധ്യത പ്രയോജനപ്പെടുത്തി
പുതിയ സാങ്കേതികവിദ്യയും ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് ടെൽക്കിനെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കാനാകും. ടെൽക്കിന്റെ ഭൂമി മുന്നിൽക്കണ്ട്
ദുരാരോപണങ്ങൾ ഉന്നയിച്ച് ഇൗ സ്ഥാപനത്തെ തകർത്ത് വിൽപ്പനയ്ക്ക് കളമൊരുക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നതെന്ന് ടെൽക് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് ജോൺ ഫെർണാണ്ടസും ജനറൽ സെക്രട്ടറി ഒ പി റിജേഷും പ്രസ്താവനയിൽ പറഞ്ഞു.










0 comments