അതിരുകളില്ലാത്ത സംഗീതാർച്ചന

ഡോ. എം പി ജോർജ് എപ്പിക്സ്കോപ്പ സംഗീത പരിപാടിക്കിടെ
കോട്ടയം ‘‘സംഗീതത്തിന് മതമോ ജാതിയോ ഇല്ല. എല്ലാ മനുഷ്യരെയും സ്‌നേഹിക്കുകയാണ് പ്രധാനം. വേർതിരിവുകൾ സൃഷ്ടിക്കുന്നിടത്ത് സ്‌നേഹത്തിന് സ്ഥാനമില്ല’’– കേരളത്തിൽ കർണാടക സംഗീതക്കച്ചേരി അവതരിപ്പിച്ച ആദ്യ ക്രൈസ്തവപുരോഹിതൻ ഫാ.ഡോ. എം പി ജോർജ് എപിസ്‌കോപ്പ പറഞ്ഞു. തിരുവാർപ്പ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിൽ 36 വർഷമായി നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിലെ നിറസാന്നിധ്യമാണ് ഫാ. ജോർജ്. ക്ഷേത്രപരിപാടിയിൽ ക്രൈസ്‌തവഭ ക്തിഗാനം ആലപിച്ചത് അടുത്തിടെ വിവാദമായിരുന്നു. മൂവാറ്റുപുഴയ്ക്കടുത്ത് പാമ്പാക്കുടയിൽ എം കെ പൈലി, സാറാമ്മ ദമ്പതിമാരുടെ മകനായ എം പി ജോർജ് സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ സംഗീതവുമായി അടുപ്പമില്ലായിരുന്നു. പാട്ട് കേൾക്കാനിഷ്‌ടപ്പെട്ടിരുന്ന ഇൗ ചെറുപ്പക്കാരൻ ഡിഗ്രി കഴിഞ്ഞ് കോട്ടയത്ത് വൈദികവിദ്യാർഥിയായി വരുമ്പോഴാണ് സംഗീതത്തിലേക്ക് എത്തുന്നത്. എന്നും രാവിലെയും വൈകിട്ടും കേട്ടിരുന്ന സുറിയാനി പാട്ടിലൂടെയാണ് സംഗീതലോകത്തിലേക്ക് ചുവടുവയ്‌ക്കുന്നത്. ജോർജ് അച്ചന്റെ സംഗീതവാസന തിരിച്ചറിഞ്ഞ അന്നത്തെ സെമിനാരി പ്രിൻസിപ്പലായിരുന്ന ഡോ.പൗലോസ് മാർ ഗ്രിഗോറിയസ് കോട്ടയം കലാക്ഷേത്രയിൽ കർണാടക സംഗീതം പഠിക്കാൻ വിട്ടു. 1984-ലെ വിജയദശമി ദിനത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഗ്രിഗോറിയസ് തന്നെ മുൻകൈയെടുത്താണ് ജോർജിനെ പാശ്ചാത്യസംഗീതം പഠിക്കാൻ റഷ്യയിലേക്കയച്ചു. സുറിയാനി സംഗീതത്തിൽ ഡോക്‌ടറേറ്റും എടുത്തു. 1989 -–ലാണ് ഓർത്തഡോക്‌സ് സെമിനാരിയിൽ "ശ്രുതി സ്‌കൂൾ ഓഫ് മ്യൂസിക് ' സംഗീത സ്‌കൂൾ ആരംഭിച്ചു. സുറിയാനി, കർണാടിക്, പശ്ചാത്യ സംഗീതത്തിന് പുറമെ പിയാനോ, ഗിത്താർ, വയലിൻ എന്നിവയും പഠിപ്പിക്കുന്നുണ്ട്. 2008ൽ ക്രിസ്‌ത്യൻ ക്ലാസിക്കൽ അവതരിപ്പിക്കാൻ ഒരുസംഘത്തെ തയ്യാറാക്കി. പാശ്ചാത്യസംഗീതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഏക മലയാള ഗ്രന്ഥം ഇദ്ദേഹം രചിച്ച പാശ്ചാത്യ സംഗീത പ്രവേശികയാണ്. ഇന്ത്യയിലെ ആദ്യ ഫിൽഹാർമോണിക് സിംഫണി "ദി സോങ് ഓഫ് ആൻ ഇന്ത്യൻ കുക്കൂ'(വിഷുപ്പക്ഷിയുടെ ഗാനം) അച്ചന്റെ സംഭാവനയാണ്. ഒട്ടേറെ ആരാധനാഗീതങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ ഇദ്ദേഹം ക്രിസ്‌ത്യൻ ഗാനങ്ങൾ, കരോൾ ഗാനങ്ങൾ തുടങ്ങിയവ രചിച്ചു. സെമിനാരിയിൽ നിന്നും വിരമിച്ചിട്ടും ശ്രുതിയിൽ വിസിറ്റിങ് അധ്യാപകനാണ്. സൂസി ജോർജാണ് ഭാര്യ. പോൾ ജോർജ്(ജർമനി), സൈറ മറിയം ജോർജ് എന്നിവരാണ് മക്കൾ.










0 comments