സ്വീഡനെ അഞ്ച് ഗോളുകൾക്ക് തകർത്ത് നെതർലൻഡ്

ഹൂസ്‌റ്റൺ: ആക്രമണക്കളിയുമായി ഡച്ചിന്റെ വമ്പൻ തിരിച്ചുവരവ്. ലോകകപ്പ് ഫുട്‌ബോളിൽ സ്വീഡനെ 5–1ന് തകർത്തുവിട്ടാണ് നെതർലൻഡ്‌സ് ഗ്രൂപ്പ് ‘എഫി’ൽ ആദ്യ ജയംകുറിച്ചത്. കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സ്വീഡിഷ് വലയിൽ രണ്ട് ഗോളിട്ട ഓറഞ്ച് പട പിന്നെ തിരിഞ്ഞുനോക്കിയില്ല. ബ്രയാൻ ബ്രോബിയും കോഡി ഗാക്‌പോയും ഇരട്ടഗോളുമായി കളംനിറഞ്ഞു. ക്രിസെൻസിയോ സമ്മർവില്ലെ അവസാന നിമിഷം ജയം പൂർത്തിയാക്കി. പകരക്കാരനായെത്തിയ ആന്തണി ഇലംഗയാണ് സ്വീഡന്റെ ആശ്വാസം കണ്ടത്. നാല് പോയിന്റുമായി ഡച്ച് ഒന്നാമതെത്തി.
ആദ്യ കളിയിൽ ജപ്പാനോട് സമനിലയിൽ വിയർത്ത ഡച്ചിനെയല്ല ഹൂസ്‌റ്റണിൽ കണ്ടത്. ടുണീഷ്യയെ 5–1ന് തീർത്തുവന്ന സ്വീഡനെ ഡച്ചുകാർ കളത്തിൽനിന്ന് മായ്‌ച്ചുകളഞ്ഞു. അതിവേഗ കളിക്കുമുന്നിൽ സ്വീഡന് മറുപടിയുണ്ടായില്ല. അഞ്ചാം മിനിറ്റിൽ ഗാക്പോ തൊടുത്ത ക്രോസിൽ ബ്രോബി പറന്നിറങ്ങി. അടുത്ത പത്ത് മിനിറ്റിൽ ഡെൻസൽ ഡംഫ്രിസിന്റെ ക്രോസിൽ ബ്രോബി ഒരിക്കൽക്കൂടി കാൽവച്ചു. മറുവശത്ത് യാസിൻ അയാരിയുടെയും വിക്ടർ യോക്കെറെസിന്റെയും ഷോട്ടുകൾ ഡച്ച് ഗോൾകീപ്പർ ബാർട് വെർബ്രുഗെൻ തടഞ്ഞു.
ഇടവേളയ്‌ക്കുശേഷം ഗാക്‌പോ ഡച്ച് ആക്രമണം ഏറ്റെടുത്തു. ഏഴ് മിനിറ്റിനിടെ രണ്ടെണ്ണം. ആദ്യത്തേതിന് ഡംഫ്രിസ് അവസരമൊരുക്കിയപ്പോൾ രണ്ടാമത്തെ ഗോൾ സമ്മർവില്ലെയുടെ നീക്കത്തിൽനിന്നായിരുന്നു. പിന്നാലെ ഇലംഗയുടെ തകർപ്പൻ ഗോളിൽ സ്വീഡൻ ഒന്ന് മടക്കി.
കളിയുടെ അവസാന ഘട്ടത്തിൽ സമ്മർവില്ലെ ഡച്ചിന്റെ ഗോളടി ഉത്സവം അവസാനിപ്പിച്ചു.










0 comments