ഒറ്റുകാരല്ലാത്തവർക്ക് നേതൃപദവി കൈമാറാമെന്ന് ഉദ്ധവ് താക്കറെ


സ്വന്തം ലേഖകൻ
Published on Jun 21, 2026, 04:29 AM | 1 min read
ന്യൂഡൽഹി
: ശിവസേനയെ നയിക്കാൻ താൻ യോഗ്യനല്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിയാൻ സന്നദ്ധനാണെന്ന് ഉദ്ധവ് താക്കറെ. ശിവസേനയുടെ സ്ഥാപകദിനത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെയും ശിവസേനയെയും ബിജെപി ലക്ഷ്യംവയ്‌ക്കുകയാണ്. ഇതിനെതിരെ കൂടുതൽ കാര്യക്ഷമമായി പ്രതികരിക്കാൻ ശേഷിയും ധൈര്യവുമുള്ള മറ്റാരെങ്കിലും മുന്നോട്ടുവന്നാൽ മാറാനൊരുക്കമാണ്.
ഏറെ നാളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നു. തനിക്കെതിരായുള്ള ആരോപണങ്ങൾ ശരിയെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ മാറി നിൽക്കാം.
പകരമെത്തുന്നത് ശേഷിയുള്ള ആളാകണം. ഒരിക്കലും വഞ്ചകനാകരുത്. ജനാധിപത്യം വലിയ ഭീഷണി നേരിടുകയാണ്. പ്രതിപക്ഷ എംപിമാരെ വിലയ്‌ക്കെടുക്കുകയാണ്. ഇൗ നിലയിൽ നീങ്ങിയാൽ ഒരു രാജ്യം, ഒരു പാർടി എന്ന നിലയാകും. ജനാധിപത്യം ഇല്ലാതാകും.
മഹാരാഷ്‌ട്രയിൽ ബിജെപിയെ സഹായിച്ചത് ശിവസേനയാണ്. ശിവസേനയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമം. കോൺഗ്രസുമായി ആശയപരമായ വ്യത്യാസമുണ്ട്. എന്നാൽ, കോൺഗ്രസ് ഒരിക്കലും ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിച്ചില്ലെന്നും താക്കറെ പറഞ്ഞു.
പാർലമെന്ററി പാർടി യോഗം ബഹിഷ്‌കരിച്ച ആറ് വിമത എംപിമാർക്ക് നേതൃത്വം വീണ്ടും കാരണംകാണിക്കൽ നോട്ടീസ് നൽകി.
24 മണിക്കൂറിനകം തൃപ്‌തികരമായ മറുപടി നൽകിയില്ലെങ്കിൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്നും പാർടി അംഗത്വത്തിൽനിന്ന് സ്വയം ഒഴിഞ്ഞതായി കണക്കാക്കുമെന്നും നോട്ടീസിലുണ്ട്. ഒമ്പത് ലോക്‌സഭാ എംപിമാരിൽ മൂന്നുപേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ശിവസേനാ നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് വിമത എംപിമാർക്ക് മഹാരാഷ്‌ട്ര സർക്കാർ വൈ പ്ലസ് സുരക്ഷയൊരുക്കി.










0 comments