print edition അഴിമതി ‘വീര്യം: ’മദ്യനയത്തിന് നികുതിയിളവ്


സി കെ ദിനേശ്
Published on Jun 21, 2026, 05:36 AM | 1 min read
തിരുവനന്തപുരം
: യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിലൂടെ പുറത്തുവരുന്നത് ‘വീര്യം’ കൂടിയ അഴിമതി. മദ്യക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള തീരുമാനം കർണാടക മദ്യലോബിക്ക് വേണ്ടിയെന്ന് ആക്ഷേപം. മദ്യത്തിന് 251 ശതമാനം നികുതിയുള്ളപ്പോൾ വീര്യം കുറഞ്ഞവയ്‌ക്ക് 120 ശതമാനംവരെയാണ് ബജറ്റിൽ ഇളവ്.
നികുതിയിളവിന് എൽഡിഎഫ് സർക്കാരിൽ സമ്മർദം ചെലുത്തി പിന്തിരിയേണ്ടിവന്ന കമ്പനിയുടെ സ്വാധീനം ഇതിനകം പുറത്തുവന്നു.
കർണാടകത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി ഡി കെ ശിവകുമാർ അടക്കമുള്ളവർക്ക് മദ്യലോബിയുമായുള്ള കൂട്ടുകച്ചവടവും രഹസ്യമല്ല. ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ മംഗളൂരു യാത്ര കൂടുതൽ സംശയാസ്‌പദമായി. തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് ഒഴുക്കിയ കോടികളെ സംബന്ധിച്ചും നേതാക്കൾക്ക് മദ്യലോബി നൽകിയ പണത്തിന്റെ കണക്കും പുറത്തുവന്നേക്കും.
പുതിയ നിർദേശം നടപ്പാകുന്നതോടെ, ബംഗളൂരു ഉൾപ്പെടെ വൻനഗരങ്ങളിൽ സുലഭമായ ‘റെഡി-ടു- ഡ്രിങ്ക്' ബ്രാൻഡുകൾ ബിവറേജസ് ഒൗട്ട്‌ലറ്റ് വഴി വിതരണംചെയ്യും. യുവജനങ്ങളെയും സ്‌ത്രീകളെയുമാണ് കന്പനികൾ ലക്ഷ്യമിടുന്നത്. നിർമാണച്ചെലവ് കുറവുള്ള ഇവയ്‌ക്ക് നികുതിയിളവുകൂടി നൽകിയതോടെ കമ്പനികൾക്ക് അമിതലാഭം കൊയ്യാം.
കർഷകരെ സഹായിക്കാൻ പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മിക്കാനായിരുന്നു എല്‍ഡിഎഫ് സർക്കാരിന്റെ അനുമതി. എന്നാൽ, ബക്കാർഡിയും യുണൈറ്റഡ് ബ്രുവറീസും അടക്കമുള്ള വൻകിട കമ്പനികളുടെ സ്‌പിരിറ്റ് മദ്യത്തിനാണ് യുഡിഎഫ് സർക്കാരിന്റെ ഇളവ്.
മന്ത്രിസഭയിൽതന്നെ ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ലെന്ന് തെളിയിക്കുന്നതാണ് എക്‌സൈസ് മന്ത്രി എം ലിജുവിന്റെ നിലപാട്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും നികുതിയിളവിന് സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ, ബാർകോഴ വിവാദം തിരിച്ചടിയായി. അന്ന് ഇടപെട്ട അടൂരിലെ ബാർ ഉടമയ്‌ക്കും ഇപ്പോൾ എംഎൽഎയായ യൂത്ത് കോൺഗ്രസ് നേതാവിനും പുതിയ ഇടപാടിലും ബന്ധമുള്ളതായാണ് വിവരം.









0 comments