ad
Deshabhimani

print edition കുന്യ: സമനിലക്കെട്ടിൽനിന്ന്‌ ബ്രസീലിനെ കരംപിടിച്ചുയർത്തി

BRAZIL1.
വെബ് ഡെസ്ക്

Published on Jun 21, 2026, 05:30 AM | 2 min read

ഫിലാഡൽഫിയ : സമനിലക്കെട്ടിൽനിന്ന്‌ ബ്രസീലിനെ മതേവൂസ്‌ കുന്യ കരംപിടിച്ചുയർത്തി. ലോകകപ്പ്‌ ഫുട്‌ബോളിൽ കാർലോ ആൻസെലോട്ടിയുടെ സംഘം ജയംതൊട്ടു. 52 വർഷത്തെ ഇടവേളയ്‌ക്കുശേഷം പന്ത്‌ തട്ടാനെത്തിയ ഹെയ്‌തിയുടെ കോട്ടയിൽ തൊടുത്തത്‌ മൂന്ന്‌ ഗോൾ. അതിൽ രണ്ടെണ്ണം കുന്യയുടെ കാലിൽനിന്ന്‌. വിനീഷ്യസ്‌ ജൂനിയറിന്റെ മനോഹര ഗോളും ചേർന്നതോടെ ബ്രസീൽ കളിയൊഴുക്കുമെന്ന്‌ പ്രതീക്ഷിച്ചു. പക്ഷേ, ഇടവേളയ്‌ക്കുശേഷമുള്ള 45 മിനിറ്റിൽ ബ്രസീൽ മറ്റൊരു ടീമായി മാറി. ഒഴുക്ക്‌ നിലച്ചു. റാങ്കിങ്ങിൽ 80 പടി പിന്നിലുള്ള ഹെയ്‌തി ബ്രസീലിന്റെ പ്രതിരോധത്തെ പരീക്ഷിക്കുകയായിരുന്നു.

രണ്ടാംപകുതിയിൽ ഒറ്റഷോട്ട്‌ പോലും ലക്ഷ്യത്തിലേക്ക്‌ തൊടാതെ ബ്രസീൽ തിരിച്ചുകയറുന്പോൾ സംശയങ്ങൾ വീണ്ടുമുയരുകയാണ്‌. ഫിലാഡൽഫിയ മഞ്ഞക്കടൽപ്പോലെ തോന്നി. 2002 ലോകകപ്പ്‌ ജേതാവായ റൊണാൾഡീന്യോ ഉൾപ്പെടെ കാഴ്‌ചക്കാരുടെ സംഘത്തിൽനിരന്നു. ആരാധകർ ലോകകപ്പുകളുടെ മാതൃകകൾ ഉയർത്തി. മൊറോക്കോയോടുള്ള സമനിലയിൽ മരവിച്ചുപോയ ആൾക്കൂട്ടത്തിന്റെ തിരിച്ചുവരവായിരുന്നു അത്‌. പരിശീലകൻ ആൻസെലോട്ടി തന്ത്രങ്ങൾ മാറ്റിപ്പണിതു. ബ്രസീൽ കേളീശൈലിയിൽ ഒട്ടും ചേരാത്ത ഇഗർ തിയാഗോവിനെ ഒഴിവാക്കി. കുന്യയെ ആ സ്ഥാനത്തേക്ക്‌ കൊണ്ടുവന്നു. ഇടതുവശത്തിൽ ഒഴുകിനടക്കുന്ന വിനീഷ്യസിനൊപ്പം ആക്രമിക്കാൻ മികച്ചൊരു ആയുധമായി കുന്യ. ലൂകാസ്‌ പക്വേറ്റ, കുന്യ, വിനീഷ്യസ്‌ ത്രയത്തിന്‌ ഒരു താളമുണ്ടായിരുന്നു. സ്ഥാനം മാറിയും പാസുകൾ കൈമാറിയും ആശയങ്ങൾ പങ്കുവച്ചും അവർ കളിക്ക്‌ ദിശ നൽകി. മൂന്ന്‌ ഗോളിലും വിനീഷ്യസിന്റെ സ്‌പർശമുണ്ടായി.

തുടക്കത്തിൽ റഫീന്യയാണ്‌ രണ്ട്‌ മികച്ച നീക്കങ്ങൾ നടത്തിയത്‌. ഒരു തവണ ലക്ഷ്യം കണ്ടെങ്കിലും ഓഫ്‌ സൈഡായി. ആദ്യ ഗോളിന്‌ ഭാഗ്യത്തിന്റെ അംശമുണ്ടായി. വിനീഷ്യസിന്റെ ഇടതുഭാഗത്തുനിന്നുള്ള ഷോട്ട്‌ ഗോൾകീപ്പർ ജോണി പ്ലാസിഡെ തട്ടിയിട്ടു. ഗോൾമുഖത്തുവച്ച്‌ കുന്യ വല കണ്ടു. രണ്ടാമത്തേത്‌ വിനീഷ്യസിന്റെ നീക്കത്തിൽ കുന്യയുടെ മനോഹരമായ ഷോട്ട്‌. മൂന്നാമത്തേത്‌ പക്വേറ്റയുടെ പാസിൽ വിനീഷ്യസ്‌ തൊടുത്തു. റഫീന്യ പരിക്കേറ്റ്‌ മടങ്ങിയത്‌ ഇതിനിടയിലും ബ്രസീലിനെ ആശങ്കപ്പെടുത്തി. വലിയൊരു വിജയത്തിനുള്ള കോപ്പുകൂട്ടിയാണ്‌ ബ്രസീൽ ഇടവേളയ്‌ക്ക്‌ പിരിഞ്ഞത്‌. പക്ഷേ, സംഭവിച്ചത്‌ മറ്റൊന്നായിരുന്നു. മധ്യനിര ചലനമറ്റു. പ്രതിരോധത്തിന്റെ ചരടുപൊട്ടി. ഏത്‌ നിമിഷവും ഹെയ്‌തി തിരിച്ചടിക്കുമെന്ന പ്രതീതിയുണ്ടായി.

പന്തിൻമേലുള്ള നിയന്ത്രണം നഷ്ടമായി. മധ്യനിരയിൽ റഫീന്യയ്‌ക്ക്‌ പകരമിറങ്ങിയ ബോണിമ‍ൗത്ത്‌ വിങ്ങർ റയാന്‌ കളിയിൽ സ്വാധീനമുണ്ടാക്കാനായില്ല. റഫീന്യക്ക്‌ അടുത്ത കളിയിൽ ഇറങ്ങാനായില്ലെങ്കിൽ ലൂയിസ്‌ ഹെൻറിക്വെയെ ആശ്രയിക്കേണ്ടിവരും ആൻസെലോട്ടിക്ക്‌. പ്രതിരോധത്തിൽ റോജർ ഇബാനെസിന്‌ പകരമെത്തിയ ഡാനിലോയും തിളങ്ങിയില്ല. 63–ാം മിനിറ്റിൽ ഹെയ്‌തിയുടെ റികാർഡോ അദെയുടെ കരുത്തുറ്റ ഹെഡർ ഗോൾകീപ്പർ അലിസൺ ബെക്കർ ആയാസപ്പെട്ടാണ്‌ കുത്തിയകറ്റിയത്‌. അവസാന നിമിഷം ബ്രസീലിനായി യുവതാരം എൻഡ്രിക്‌ ഗോളടിച്ചെങ്കിലും ഓഫ്‌ സൈഡായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home