അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: 60 കിലോ വെള്ളിക്കട്ടികൾ"അപ്രത്യക്ഷ'മായി


സ്വന്തം ലേഖകൻ
Published on Jun 21, 2026, 03:37 AM | 1 min read
ന്യൂഡൽഹി
: ജ്വല്ലേഴ്‌സ് അസോസിയേഷൻ അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നൽകിയ 60 കിലോ വെള്ളിക്കട്ടികൾ ‘അപ്രത്യക്ഷ’മായെന്ന് പ്രത്യേകാന്വേഷണ സംഘം. ക്ഷേത്രനിർമാണത്തിനാണ് ഒന്നരക്കോടി രൂപ വിലയുള്ള വെള്ളിക്കട്ടികൾ ക്ഷേത്രം ട്രസ്റ്റിന് കൈമാറിയത്. ഇത് നിലവിൽ എവിടെയെന്ന് ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രം ട്രസ്റ്റിന് അറിയില്ലെന്നാണ് വെളിപ്പെടുത്തൽ. ഇത് ഇവിടെനിന്ന് കടത്തിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
മുതിർന്ന ആർഎസ്‌എസ് നേതാവും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിയുടെ സഹായിയും ഡ്രൈവറുമായ രാം ശങ്കർ യാദവ് എന്ന ടിന്നു, ക്ഷേത്രം ജീവനക്കാരൻ കൃഷ്‌ണദേവ് തിവാരി, രാമവിഗ്രഹത്തിൽ പൂജ നടത്തുന്ന നാല് പൂജാരിമാർ എന്നിവരെ അന്വേഷണസംഘം ചോദ്യംചെയ്‌തു. വെള്ളിക്കട്ടികൾ ക്ഷേത്രത്തിന് നൽകിയതിന്റെ രേഖ തന്റെ പക്കലുണ്ടെന്ന് ജ്വല്ലേഴ്‌സ് അസോസിയേഷൻ ഭാരവാഹി അനുരാഗ് രസ്‌തോഗി വെളിപ്പെടുത്തി. ക്ഷേത്ര ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട പൂജകളിലോ, തുടർന്ന് നിർമാണ ഘട്ടത്തിലോ ഇൗ വെള്ളിട്ടി ഉപയോഗിച്ചില്ലെന്നും രസ്‌തോഗി പറഞ്ഞു.
രാമക്ഷേത്രത്തിന് ഭക്തർ സംഭാവനയായും കാണിക്കയായും നൽകിയ സ്വർണം, വെള്ളി, രത്‌നാഭരണങ്ങൾ തുടങ്ങിയവ വലിയ തോതിൽ അടിച്ചുമാറ്റിയതായി ആക്ഷേപമുണ്ട്. ട്രസ്റ്റ് തന്നെയാണ് കൊള്ളയ്‌ക്ക് പിന്നില്ലെന്നാണ് നിഗമനം. ക്ഷേത്രത്തിലെ 1500 ജീവനക്കാരിൽ 90 ശതമാനവും ആർഎസ്‌എസ് പശ്‌ചാത്തലമുള്ളവരാണ്. ട്രസ്റ്റ് ഭാരവാഹികളിൽ ഭൂരിഭാഗവും ആർഎസ്‌എസുകാർ. 200 കോടിയിലേറെ രൂപയുടെ പണവും ആഭരണവും അടിച്ചുമാറ്റിയതായാണ് വിവരം.









0 comments