പുലിപ്പേടിയിൽ കപ്രശേരിക്കാർ

അജ്ഞാത ജീവിയെ കണ്ട സ്ഥലത്ത് വനം വകുപ്പ് അധികൃതർ പരിശോധന നടത്തുന്നു
നെടുമ്പാശേരി
ചെങ്ങമനാട് കപ്രശേരിയിൽ പുലിപ്പേടിയിൽ നാട്ടുകാർ. ഫിഫ ലോകകപ്പ് ഫുട്ബോൾ കാണുന്നതിനിടയിൽ ശനി പുലർച്ചെ 1.15ന് കപ്രശേരി വെളിയത്ത് മോഹനന്റെ വീട്ടിലായിരുന്നു സംഭവം.
മോഹനന്റെ മകളുടെ മകൻ അർജുനനും സുഹൃത്ത് അനന്ദുവുമാണ് പുലിയെന്ന് സംശയിക്കുന്ന ഭീമൻ ജീവിയെ കണ്ടത്. വീടിന്റെ മുകൾ നിലയിലെ ഹാളിലേക്ക് കയറുന്നതിനിടെ യുവാക്കളുടെ മുന്നിൽ ഗർജ്ജിക്കുന്ന ശബ്‌ദത്തോടെ ഭീമൻ ജീവി ചാടി വീണുവെന്നാണ് പറയുന്നത്. ചാടി വീഴുന്നതിനിടെ നിയന്ത്രണം വിട്ട് ഇടതുവശത്തെ കൃഷിയിടത്തിൽ വീഴുകയും, അവിടെ നിന്ന് പിടഞ്ഞെഴുന്നേറ്റ് സമീപത്തെ മതിൽ ചാടി കാടുമൂടിയ പറമ്പിലൂടെ പാഞ്ഞുവെന്നാണ് നാട്ടുകാർ പറയുന്നത്. ചാടി വീണപ്പോൾ പതിഞ്ഞ കൈകളുടെയും താഴെ വീണപ്പോഴുള്ള കാൽപ്പാടുകളും കണ്ടെത്തി.
ഹാളിലെ പ്ലാസ്റ്റിക് കട്ടിലിൽ നിന്ന് പുലിയുടേതെന്ന് സംശയിക്കുന്ന രോമങ്ങളും സമീപത്തെ വളർത്തു നായയെ ആക്രമിച്ച പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഭീതിയിലായ യുവാക്കൾ ഫോൺ ചെയ്‌താണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്. തൊട്ടടുത്ത വടക്കുഞ്ചേരി അഖിൽ ദേവസിയുടെ മൂന്ന് വയസുള്ള വളർത്തുനായയെ ആക്രമിച്ചതിനെത്തുടർന്ന് രോമങ്ങൾ മുറിഞ്ഞ നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവം കപ്രശേരി ഗ്രാമത്തെ ഭീതിയിലാക്കിയിരിക്കുകയാണ്.
മലയാറ്റൂർ ആർആർടിയിലെ ബിഎഫ്ഒമാരായ സനൽ ശേഖർ, വിനയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അബിൻ, ആൽഡ്രിൻ തുടങ്ങിയവരെത്തി നായയുള്ള വീടിന്റെ മുന്നിലെ ജാതിത്തോട്ടത്തിലും മോഹനന്റെ വീടിന്റെ നടയിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതിന് സാമ്യമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. നാട്ടുകാരോട് ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അധികൃതർ നിർദേശിച്ചു.










0 comments