ad
Deshabhimani

മഴക്കാലത്ത്‌ കൂട്ടത്തോടെ ഇറക്കം

ആഫ്രിക്കൻ ഒച്ചുകൾ വില്ലനാണ്‌; 
മസ്‌തിഷ്‌ക ജ്വരം പടർത്തും

AFRICAN OCHU.jpg
avatar
സി എ പ്രേമചന്ദ്രൻ

Published on Jun 13, 2026, 12:15 AM | 1 min read


തൃശൂർ

മഴയെത്തിയതോടെ കേരളത്തിൽ ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാവുന്നു. അഞ്ഞൂറോളം സസ്യങ്ങളെ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ, മസ്‌തിഷ്‌ക ജ്വരവും പടർത്തും. ഇയോസിനോഫിലിക്‌ മെനിഞ്ചയ്റ്റിസ് എന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന ആഞ്ജിയോസ്ട്രോങ്ങയില്സ് കന്റോനെൻസിസ്‌ എന്ന നിമാവിരകളുടെ വാഹകരാണ് ഒച്ചുകൾ. അതിനാൽ ജാഗ്രത പാലിക്കണമെന്ന്‌ ഗവേഷകർ മുന്നറിയിപ്പ്‌ നൽകുന്നു. കേരളത്തിലെ ആഫ്രിക്കൻ ഒച്ചുകളിൽ ഈ നിമാവിരകൾ കണ്ടെത്തിയതായി ഒച്ചുകളെക്കുറിച്ച്‌ ഗവേഷണം നടത്തിയ ഡോ. കീർത്തി വിജയൻ പറഞ്ഞു. നിമാ വിരകളുടെ ലാർവകൾ ഒച്ചുകളുടെ ശരീര സ്രവത്തിലോ കാഷ്ടത്തിലോ ആണ് കാണപ്പെടുന്നത്‌. ഒച്ചുകളെ മനുഷ്യൻ അറിയാതെ കൈകാര്യം ചെയ്യുമ്പോഴോ അല്ലെങ്കിൽ കഴുകാത്ത പച്ചക്കറികളിലൂടെയോ മറ്റോ ഇവ മനുഷ്യ ശരീരത്തിലെത്തിപ്പെടുന്നു. തലച്ചോറിലാണ് പിന്നീട് വസിക്കുന്നത്. ഇവ മസ്തിഷ്കജ്വരം ഉണ്ടാക്കുന്നു. കുട്ടികൾ മണ്ണിൽ കളിക്കുന്പോൾ ഒച്ചുകളെ പിടിക്കുകയും അതേ കൈ, വായിൽ ഇടുകയും ചെയ്യും. അതുവഴിയാണ്‌ രോഗം പകരുന്നത്‌. മഴക്കാലത്ത്‌ പച്ചക്കറികളിലും വാഴയിലയിലും ഇവ പറ്റിപ്പിടിക്കും. പച്ചക്കറികൾ നന്നായി കഴുകി ഉപയോഗിക്കണം. ഇവയെ നശിപ്പിക്കുന്പോൾ കൈയുറ ധരിക്കണം. കിണറിന്റെ വക്കുകളിലും വാട്ടർടാങ്കിന്‌ സമീപവും ഇവ പറ്റിപ്പിടിച്ചിരിക്കും. അതിനാൽ, വെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കണം. ആഫ്രിക്കൻ ഒച്ചുകളെ കണ്ടാ ൽ ഉടൻ നശിപ്പിക്കണം. തുരിശും പുകയിലയും ചേർത്ത മിശ്രിതം തളിച്ചാൽ ഇവയെ നിയന്ത്രിക്കാം. കുറച്ച്‌ ഒച്ചുകളാണുള്ളതെങ്കിൽ ഉപ്പ്‌ കലക്കിയ വെള്ളത്തിൽ പിടിച്ചിട്ട്‌ നശിപ്പിക്കാമെന്നും തൃശൂർ സെന്റ്‌ മേരീസ്‌ കോളേജിൽ ബയോളജി വിഭാഗത്തിൽ അസി. പ്രൊഫസറായ കീർത്തി വിജയൻ പറഞ്ഞു. നിമാവിരകൾക്ക് 50- മുതൽ 72 മണിക്കൂർ വരെ വെള്ളത്തിൽ കഴിയാൻ സാധിക്കുമെന്ന്‌ പഠനങ്ങൾ പറയുന്നുണ്ട്‌. ഒച്ച്‌ ആറ്‌ മാസത്തിനുള്ളിൽ 500 മുട്ടയിടും. ഇതിൽ 400 എണ്ണം വിരിയും. ആൺ–പെൺ വേർതിരിവില്ലാതെ മുട്ടയിടുമെന്നത്‌ വ്യാപനം വർധിപ്പിക്കുന്നു. വാഹനങ്ങളിലും മറ്റും പറ്റിപ്പിടിച്ച്‌ വ്യാപിക്കും. ചൂടുകാലത്തുൾപ്പെടെ രണ്ട്‌ വർഷം കാൽസിയം ഷീറ്റ്‌ പാടപോലെയുണ്ടാക്കി മണ്ണിനടിയിൽ സുരക്ഷിതമായി കഴിയാമെന്നതും പ്രത്യേകതയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home