നിപാ
സെപ്തംബര്‍വരെ അതിജാഗ്രത

ആലപ്പുഴ
നിപാ വൈറസിനെതിരെ വ്യാപന സാധ്യത കണക്കിലെടുത്ത് സെപ്തംബര്‍ വരെ അതിജാഗ്രത ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വവ്വാലുകളെ ഉപദ്രവിക്കരുത്. വവ്വാലുകൾ കൂട്ടമായുള്ള മരങ്ങളിലേക്ക് കല്ലെറിഞ്ഞും ശബ്ദം ഉണ്ടാക്കിയും മറ്റും പ്രകോപിപ്പിക്കരുത്. ചേക്കേറിയ മരങ്ങൾ നശിപ്പിക്കരുത്. ഇത്തരം മരങ്ങളുടെ പരിസരത്തെ സമ്പർക്കം ഒഴിവാക്കണം. വവ്വാലുകൾ കൂടുതലുള്ള മരച്ചുവടുകളിൽ വിശ്രമിക്കുന്നതും വസ്ത്രങ്ങൾ ഉണക്കുന്നതും ഒഴിവാക്കണം. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തുമൃഗങ്ങളെ മേയ്‍ക്കരുത്. വവ്വാലോ മറ്റേതെങ്കിലും ജീവികളോ കടിച്ച പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ നന്നായി ഉപ്പ്/മഞ്ഞൾ ലായനിയിൽ കഴുകി മാത്രം ഉപയോഗിക്കുക. കഴിവതും തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുക. പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കം ഉണ്ടായാൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. താഴെ വീണ അടയ്ക്ക , പുളി തുടങ്ങിയവ ശേഖരിക്കുമ്പോൾ കൈയുറ ധരിക്കുക. ശേഷം കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. വളർത്തു മൃഗങ്ങളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്‍ത ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം. തെങ്ങ്, പന എന്നിവയിൽ പാത്രങ്ങൾ തുറന്നുവച്ച് ശേഖരിക്കുന്ന നീര/ കള്ള് എന്നിവ കുടിക്കരുത്. ചത്തുകിടക്കുന്ന പക്ഷികളെയോ മൃഗങ്ങളെയോ സ്പർശിക്കരുത്. പനി, പരസ്‍പര ബന്ധമില്ലാതെ സംസാരിക്കുക, ജന്നി, കഠിനമായ തലവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.









0 comments