print edition ഇഎസ്‌ഐ മരുന്ന് സ്‌റ്റോറിലെ തീപിടിത്തം; നശിച്ചത് 5.45 കോടിയുടെ മരുന്ന്; ആശുപത്രികൾ പ്രതിസന്ധിയിലേക്ക്


സ്വന്തം ലേഖകൻ
Published on Jun 13, 2026, 02:37 AM | 1 min read
കൊച്ചി : ഫോർട്ട് കൊച്ചിയിലെ ഇഎസ്‌ഐ മധ്യമേഖലാ മരുന്ന് സ്‌റ്റോറിലുണ്ടായ തീപിടിത്തത്തിൽ നശിച്ചത് 5.45കോടിയുടെ മരുന്നുകൾ. എറണാകുളം, തൃശൂർ, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ നാല് ഇഎസ്‌ഐ ആശുപത്രികളിലേക്കും 51 ഡിസ്‌പെൻസറികളിലേക്കും വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന മരുന്നുകളാണ് കഴിഞ്ഞ ശനി രാത്രിയുണ്ടായ തീപിടിത്തത്തിൽ നശിച്ചത്.
ഇഎസ്‌ഐ ഡിസ്‌പെൻസറിയിലേക്കും തീപടർന്നിരുന്നു. കെട്ടിടത്തിനും സ്‌റ്റോർ, ആശുപത്രി ഉപകരണങ്ങൾക്കും ഒരുകോടി രൂപയുടെ നാശമുണ്ട്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് മൂന്നുമാസമെങ്കിലും വേണ്ടിവരുമെന്ന് ഇഎസ്‌ഐ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് (ഐഎംഎസ്) മധ്യമേഖല ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. എൽ ശശി പറഞ്ഞു. സ്‌റ്റോർ പ്രവർത്തനം അടിയന്തരമായി മറ്റൊരിടത്തേക്ക് മാറ്റും. എറണാകുളം നോർത്തിലെ ഇഎസ്‌ഐ ആശുപത്രിയോടുചേർന്ന് ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം പരിഗണിക്കുന്നുണ്ട്.
വർഷം 20കോടിയുടെ മരുന്നാണ് ഇൗ സ്‌റ്റോറിൽ സംഭരിച്ച് വിതരണം ചെയ്യുന്നത്. ആശുപത്രികളും ഡിസ്‌പെൻസറികളും നൽകുന്ന ഇൻഡന്റ് പ്രകാരം എത്തിയ ആദ്യ സ്‌റ്റോക്ക് മാത്രമാണ് തീപിടിത്തസമയത്ത് ഉണ്ടായിരുന്നത്. ഫോർട്ട് കൊച്ചിയിലെ ഡിസ്‌പെൻസറിയുടെ പ്രവർത്തനം താൽക്കാലികമായി തോപ്പുംപടിയിലേക്ക് മാറ്റി.
സ്‌റ്റോർ പുനരാരംഭിക്കുംവരെ കോഴിക്കോട്, തിരുവനന്തപുരം മേഖലാ സ്‌റ്റോറുകളിൽനിന്ന് മരുന്നെത്തിക്കും. ഒരു ഗഡു മരുന്ന് എറണാകുളത്തിന് നൽകി. ആലപ്പുഴ, തൃശൂർ ജില്ലകളിൽ മരുന്നുക്ഷാമമുണ്ട്. തീപിടിത്തത്തിൽ നശിച്ച മരുന്നുകൾക്ക് പകരം നൽകിയില്ലെങ്കിൽ സംസ്ഥാനത്താകെ ഇഎസ്‌ഐ ചികിത്സാകേന്ദ്രങ്ങളിൽ മരുന്ന് ക്ഷാമമുണ്ടാകും.








0 comments