print edition ലക്ഷദ്വീപിൽ പ്രതിഷേധ വിലക്ക്; വിവാദ ഉത്തരവിറക്കി


സ്വന്തം ലേഖകൻ
Published on Jun 13, 2026, 02:41 AM | 1 min read
കവരത്തി : ലക്ഷദ്വീപിൽ ജനാധിപത്യ പ്രതിഷേധത്തിനുള്ള അവകാശം നിഷേധിച്ച് ജില്ലാ മജിസ്ട്രേറ്റ് ശിവം ചന്ദ്ര. ജനവാസമുള്ള പത്ത് ദ്വീപുകളിലെ പൊതുസ്ഥലങ്ങൾ പ്രഖ്യാപിത നിരോധിത മേഖലകളാക്കി കലക്‌ടറുടെ നിർദേശപ്രകാരം ഉത്തരവിറക്കി. ബോട്ട്ജെട്ടി പരിസരവും 150മീറ്റർ ചുറ്റളവും നിരോധിത മേഖലയാകും.
ഹെലിപാഡ്, വൈദ്യുതി നിലയം, ഇന്ധന ഡിപ്പോ, കുടിവെള്ള പ്ലാന്റ്, ബിഎസ്എൻഎൽ ടവർ, ഗവ. ആശുപത്രി, എസ്ഡിഎം/ബിഡിഒ ഓഫീസ്, കലക്‌ടറേറ്റ്, സെക്രട്ടറിയറ്റ് എന്നിവിടങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും നിരോധിച്ചു. ഉത്തരവ് പ്രകാരം, അതതിടത്ത് "പ്രതിഷേധിക്കാനുള്ള പ്രത്യേക ഇടം' അനുവദിച്ചു. ബിഎൻഎസ് 163 (സിആർപിസി 144) പ്രകാരമാണ് ഉത്തരവ്. അനുവദിച്ച സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കണമെങ്കിലും 24 മണിക്കൂർ മുമ്പ് ലക്ഷദ്വീപ് പൊലീസ് സൂപ്രണ്ടിൽനിന്ന് അനുമതിവാങ്ങണം. പ്രതിഷേധം നാല് മണിക്കൂറിൽ കൂടരുത്. അറുപത് ദിവസത്തേക്ക് ലക്ഷദ്വീപിൽ കടുത്ത നിയന്ത്രണവും ഏർപ്പെടുത്തി.
ലക്ഷദ്വീപിലെ ഭൂമിയുടെ അവകാശകൈമാറ്റം, പെട്രോൾ–അവശ്യസാധന വിലവർധന, വ്യക്തികളുടെ തെങ്ങുകൾ മുറിച്ചുമാറ്റൽ, മദ്യം ഇറക്കുമതി എന്നിവക്കെതിരെ അമിനി, അഗത്തി, ആന്ത്രോത്ത്, കവരത്തി ദ്വീപുകളിൽ നടത്തിയ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് നീക്കം. സിപിഐ എം നേതൃത്വത്തിൽ ആന്ത്രോത്തിൽ പ്രതിഷേധത്തിന് അനുമതി തേടിയപ്പോഴാണ് ഉത്തരവുണ്ടെന്ന് അറിയിച്ചത്. വിവാദ ഉത്തരവിനെതിരെ പാർടികൾ സംയുക്ത പ്രതിഷേധത്തിൽ അണിചേരണമെന്ന് സിപിഐ എം ലക്ഷദ്വീപ് ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഷാഫി ഖുറേഷി ആവശ്യപ്പെട്ടു.








0 comments