ad
Deshabhimani

print edition കാനറിക്ക് കാർലോ എൻജിൻ

brazil

photo credit: FACEBOOK

വെബ് ഡെസ്ക്

Published on Jun 13, 2026, 02:31 AM | 2 min read

ന്യൂയോർക്ക്‌ : കവിതയല്ല, കലാപമാണ്. താള നിബിഢമായ കലയല്ല, സംഘർഷമാണ്‌. കാൽപ്പനികതയെ ഓർമച്ചിറകിലൊതുക്കി ബ്രസീൽ ഇറങ്ങുന്നു. ലോകകപ്പ്‌ ഫുട്‌ബോളിലെ ആദ്യ മത്സരത്തിൽ പുത്തൻ ശക്‌തികളും നിലവിലെ നാലാം സ്ഥാനക്കാരുമായ മൊറോക്കോയാണ്‌ എതിരാളി. ന്യൂയോർക്കിലെ ന്യ‍ൂജേഴ്‌സി സ്‌റ്റേഡിയത്തിൽ നാളെ പുലർച്ചെ മൂന്നരയ്‌ക്കാണ്‌ ആവേശപ്പോരാട്ടം. ലാറ്റിൻ താളത്തിന്‌ ഇനി യൂറോപ്യൻ ഹൃദയമാണ്‌.


തന്ത്രശാലിയായ ഇറ്റലിക്കാരൻ കാർലോ ആൻസെലോട്ടിക്ക് കീഴിലാണ്‌ ഒരുക്കം. ബ്രസീൽ ഫുട്‌ബോളിൽ ഇതൊരു പുതുയുഗമാണ്‌. അഞ്ച്‌ കിരീടങ്ങളുള്ള ബ്രസീലിന്‌ 24 വർഷമായി മറ്റൊന്ന്‌ കിട്ടിയിട്ടില്ല. 2002ൽ കപ്പ്‌ നേടുന്പോൾ നിലവിലെ ടീമിലെ രണ്ട്‌ കളിക്കാർ ജനിച്ചിട്ട്‌ പോലുമില്ല. കാൽപ്പന്തുകാരുടെ വിളനിലത്തിൽ കിരീടം കാണാതെ ഒരു തലമുറ വളർന്നിരിക്കുന്നു. പതിവുകൾ തിരുത്തി. പാരമ്പര്യം കിരീടത്തിലേക്കുള്ള വഴിയല്ല. ഒരു നൂറ്റാണ്ടിനടുത്ത ലോകകപ്പ്‌ ചരിത്രത്തിൽ ആദ്യമായാണ്‌ വിദേശ കോച്ചിനെ ആശ്രയിക്കുന്നത്‌. അഞ്ചുവട്ടവും കിരീടമുയർത്തിയത്‌ സ്വദേശി പരിശീലകരുടെ തന്ത്രങ്ങളിലായിരുന്നു.


2002നുശേഷം അടിപതറാൻ തുടങ്ങി. നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കളിശൈലിക്ക്‌ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. യ‍ൂറോപ്യൻ പ്രൊഫഷണലിസത്തിന്‌ മുന്നിൽ തലകുനിച്ചു. അവസാന അഞ്ച്‌ പതിപ്പിലും യൂറോപ്യൻമാർ വഴിമുടക്കി. ഖത്തറിൽ ക്രൊയേഷ്യയോട്‌ ക്വാർട്ടറിലായിരുന്നു വീഴ്‌ച. ബ്രസീലിന്റെ നാലാമത്തെ വിദേശ കോച്ചാണ്‌ ആൻസെലോട്ടി. അവസാനത്തേത്‌ 60 വർഷം മുമ്പായിരുന്നു. യോഗ്യതാ റ‍ൗണ്ടിൽ വിയർത്തു. എട്ട്‌ ജയം, ആറ്‌ തോൽവി, നാല്‌ സമനില. ആൻസെലോട്ടി എത്തിയതോടെ ട്രാക്കിലായി. 12 കളിയിൽ ഏഴിലും ജയിച്ചു. രണ്ട്‌ സമനിലയും മൂന്ന്‌ തോൽവിയുമാണ്‌. യൂറോപ്യൻ ശൈലിയാണ്‌ അറുപത്തേഴുകാരന്‌.


താരപ്രഭാവത്തിന്‌ മുന്നിൽ ടീമിന്റെ പ്രാധാന്യം മറക്കരുതെന്നാണ്‌ ആദ്യപാഠം. 4–2–4 എന്ന ശൈലിയാണ്‌. 26 അംഗ ടീമിൽ ഒമ്പതും അറ്റാക്കർമാർ. മധ്യനിരക്കാർ അഞ്ച്‌ പേർ മാത്രം. റഫീന്യ, വിനീഷ്യസ്‌ ജൂനിയർ എന്നിവരാണ്‌ മുന്നേറ്റത്തിലെ പ്രധാനികൾ. മധ്യനിരയിൽ കാസെമിറോയും ബ്രൂണോ ഗിമറെസും. പ്രതിരോധം ക്യാപ്‌റ്റൻ മാർകീന്വോസും ഗബ്രിയേൽ മഗാലയേസും. മികച്ച വിങ് ബാക്കുകളില്ലാത്തതാണ്‌ തലവേദന. പകരക്കാരനായെത്തുന്ന പതിനെട്ടുകാരൻ എൻഡ്രിക്‌ നിർണായകമാകും. സന്നാഹ മത്സരങ്ങളിൽ പാനമയെ 6–2നും ഇ‍ൗജിപ്‌തിനെ 2–1നും തോൽപ്പിച്ചു. ഖത്തറിൽ സെമി വരെ മുന്നേറിയ മൊറോക്കോ പ്രകടനം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്‌. കഴിഞ്ഞ ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ജേതാക്കളായി. അഷ്‌റഫ്‌ ഹക്കീമി, നുസൈർ മസ്രോയ്‌, സോഫിയാൻ അമ്രാബത്‌, ബ്രാഹിം ഡയസ്‌ തുടങ്ങിയ മികച്ച താരനിരയുണ്ട്‌. സ്ഥാനമൊഴിഞ്ഞ വാലിദ്‌ റെഗ്രാഗുയിക്ക്‌ പകരം മുഹമ്മദ്‌ ഒഹ്‌ബിയാണ്‌ പരിശീലകൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home