ad
Deshabhimani

print edition സെൻസസ്‌: പരിധി വേണം

census 2027
avatar
ബിജോ ടോമി

Published on Jun 13, 2026, 02:34 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത്‌ സെൻസസ്‌ ജോലിക്ക്‌ 50 ശതമാനത്തിൽ അധികം അധ്യാപകർ നിയോഗിക്കപ്പെട്ട സ്‌കൂളുകളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ്‌ തേടുന്നു. പലയിടത്തും പകുതിയിലധികം അധ്യാപകരെ ജോലിക്ക്‌ നിയോഗിച്ചത്‌ സ്‌കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കുമെന്ന്‌ പരാതി ഉയർന്നതോടെയാണ്‌ നടപടി. ഇത്തരത്തിലുള്ള സ്‌കൂളുകളുടെ വിവരങ്ങൾ നിർദിഷ്‌ട മാതൃകയിൽ അതാത്‌ വിദ്യാഭ്യാസ ഉപഡയറക്ടർമാർ കലക്ടർമാർക്ക്‌ സമർപ്പിക്കണമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു. സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലെ 60,000 അധ്യാപകർക്കാണ്‌ സെൻസസ്‌ ഡ്യൂട്ടി ഉള്ളത്‌.


പൊതുവിദ്യാലയങ്ങളിലെ ആകെ അധ്യാപകരുടെ മൂന്നിലൊന്നാണ്‌ ഇത്‌. ജൂലൈ ഒന്നു മുതൽ 30 വരെയാണ്‌ വീടുകളിൽ കയറിയിറങ്ങി അധ്യാപകർ വിവരങ്ങൾ ശേഖരിക്കേണ്ടത്‌. സ്‌കൂൾ സമയത്തിന്‌ ശേഷവും അവധി ദിവസങ്ങളിലും വിവരങ്ങൾ ശേഖരിക്കാനാണ്‌ നിർദേശം. ഇത്‌ അപ്രായോഗികമാണ്‌. നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെങ്കിൽ സ്‌കൂ‍ളിൽനിന്ന്‌ വിട്ടുനിൽക്കേണ്ടി വരും. ഇത്‌ അധ്യയന വർഷാരംഭം തന്നെ പഠനം അവതാളത്തിലാക്കും. ഇതിനെതിരെ കെഎസ്‌ടിഎ അടക്കമുള്ള അധ്യാപക സംഘടനകൾ രംഗത്തു വന്നിരുന്നു. അക്കാദമിക്‌ കലണ്ടർ പ്രകാരം ആഗസ്‌ത്‌ പതിമൂന്നിനാണ്‌ ഓണപ്പരീക്ഷ. പാഠഭാഗങ്ങൾ പൂർത്തിയാക്കാനുള്ളത്‌ 52 പ്രവൃത്തിദിനങ്ങളും.


ഇതിനിടെ ഒരു മാസം അധ്യാപകർ ഇല്ലാത്തത്‌ പ്രതിസന്ധിയാകും. 200 കെട്ടിടങ്ങൾ ഉൾപ്പെടുന്ന ബ്ലോക്കുകളായി തിരിച്ചാണ്‌ സെൻസസിനായുള്ള വിവരശേഖരണം. ഒരു എന്യൂമറേറ്ററിന്‌ ഒരു ബ്ലോക്കിന്റെ ചുമതലയാണ്‌ ഉണ്ടാകുക. 34 ചോദ്യങ്ങളിലാണ്‌ വ്യക്തത തേടേണ്ടത്‌. ഇത്രയും വീടുകളിൽ കയറിയിറങ്ങി വിവരശേഖരണം അധ്യാപകർക്ക്‌ ശ്രമകരമാണ്‌. അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതായും ആരോപണമുണ്ട്‌. സെൻസസിനായി പോകുന്ന അധ്യാപകർക്ക്‌ പകരം, ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തി അക്കാദമിക പ്രതിസന്ധി മറികടക്കണമെന്നാണ്‌ ആവശ്യം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home