print edition തൃണമൂലിൽ അടി തുടരുന്നു; 19 എംപിമാരുടെ പിന്തുണ ഉറപ്പിച്ച് വിമത പക്ഷം


സ്വന്തം ലേഖകൻ
Published on Jun 13, 2026, 02:40 AM | 1 min read
ന്യൂഡൽഹി : ലോക്‌സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്ന് സ്‌പീക്കറോട് ആവശ്യപ്പെട്ട് 19 എംപിമാർ ഒപ്പിട്ട കത്ത് പുറത്തായതോടെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർടിയിലും പിളർപ്പ് ആസന്നമായി. ലോക്‌സഭയിൽ തൃണമൂലിന് 28 എംപിമാരാണുള്ളത്. ഇതിൽ 19 പേർ വിമതപക്ഷത്തേക്ക് എത്തിയതോടെ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാം. കൂടുതൽ എംപിമാർ ഒപ്പം ചേരുമെന്ന് വിമതപക്ഷത്തോടൊപ്പമുള്ള ശതാബ്‌ദി റോയ് പറഞ്ഞു.
യഥാർത്ഥ തൃണമൂൽ കോൺഗ്രസായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച ലോക്‌സഭാ സ്‌പീക്കറെ കാണുമെന്ന് വിമതപക്ഷത്തുള്ള ജഗദീഷ് ചന്ദ്ര ബസുനിയ മാധ്യമങ്ങളോട് പറഞ്ഞു. സ്‌പീക്കർക്ക് കൈമാറിയ 19 എംപിമാർ ഒപ്പിട്ട കത്തിന്റെ പകർപ്പ് വെള്ളിയാഴ്‌ച മാധ്യമങ്ങൾക്ക് ലഭിച്ചു. കാകോലി ഘോഷ് ദസ്‌തിദാർ, ശതാബ്‌ദി റോയ്, ബസുനിയ എന്നിവർക്ക് പുറമെ മുൻ ഫുട്‌ബോൾ താരം പ്രസൂൻ ബാനർജി, മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ, മമതയുടെ വിശ്വസ്‌തയെന്ന് കരുതപ്പെട്ടിരുന്ന നടി സായോനി ഘോഷ്, നടി ജൂൻ മാലിയ, പാർഥാ ഭൗമിക്ക്, ഖലീലുർ റഹ്‌മാൻ, അബുതാഹിർ ഖാൻ എന്നിവരും ഒപ്പിട്ടു.
പിളർപ്പ് ആസന്നമായതോടെ ഡൽഹിയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനവും മാറി. വിമത പക്ഷത്തുള്ള പാർഥ ഭൗമിക്കിന്റെ പേരിലുള്ള രാജേന്ദ്രപ്രസാദ് റോഡിലെ 20–ാം നമ്പർ ബംഗ്ലാവായിരുന്നു ഒരു വർഷമായി തൃണമൂൽ ആസ്ഥാനം. രാജ്യസഭാംഗം മുഹമ്മദ് നദീമുൾ ഹഖിന്റെ പേരിൽ സൗത്ത് അവന്യൂവിലെ 61–ാം നമ്പർ ഫ്‌ളാറ്റാണ് പുതിയ ആസ്ഥാനം.








0 comments