ad
Deshabhimani

print edition ശബരിമല സ്വർണമോഷണക്കേസ്‌; പ്രതിഭാഗം വക്കീൽ ഇനി ദേവസ്വം വക്കീൽ

dewaswom lawyer cartoon
avatar
സ്വന്തം ലേഖകൻ

Published on Jun 13, 2026, 01:31 AM | 1 min read

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ പ്രതിയുടെ അഭിഭാഷകൻ ഇനി ദേവസ്വം വകുപ്പിന്റെ സ്‌പെഷൽ ഗവൺമെന്റ്‌ പ്ലീഡർ. ശ്രീകോവിലിലെ വാതിലിൽനിന്നും കട്ടിളപ്പടിയിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ചെന്നൈയിലെ സ്‌മാർട്ട്‌ ക്രിയേഷൻസിന്റെ സിഇഒ പങ്കജ്‌ ഭണ്ഡാരിയുടെ അഭിഭാഷകൻ കെ ബി പ്രദീപിനെയാണ്‌ ഹൈക്കോടതിയില്‍ ദേവസ്വം വകുപ്പിന്റെ സ്‌പെഷൽ ഗവൺമെന്റ്‌ പ്ലീഡറായി സർക്കാർ നിയമിച്ചത്‌.


കേസിൽ ഹൈക്കോടതിയിൽ ദേവസ്വം വകുപ്പിനുവേണ്ടി ഇനി വാദിക്കുക പ്രതിഭാഗം അഭിഭാഷകനായിരുന്ന പ്രദീപ്‌ ആയിരിക്കും. മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ടാണ്‌ ഇല്ലാത്ത തസ്‌തികയുണ്ടാക്കി നിയമനം നടത്തിയതെന്നാണ്‌ ഇതെക്കുറിച്ച്‌ ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്‌. പ്രതിയുടെ ദ‍ൗർബല്യമറിയുന്നയാൾ അഭിഭാഷനാകുന്നത്‌ നല്ലതല്ലേ എന്ന വിചിത്രവാദമാണ്‌ മന്ത്രി ഉന്നയിച്ചത്‌. ചെന്നൈ സ്‌മാർട്ട്‌ ക്രിയേഷൻസിൽ എത്തിച്ചാണ്‌ മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി സ്വർണം ഉരുക്കിയത്.


ശബരിമലയിൽനിന്ന് മോഷ്‌ടിച്ച സ്വർണം മറ്റ്‌ ക്ഷേത്രങ്ങളിൽ കൊടിമരംപൂശാനും നവീകരണത്തിനും ഉപയോഗിച്ചിട്ടുണ്ടെന്ന്‌ പങ്കജ് ഭണ്ഡാരി മൊഴി നൽകിയിരുന്നു. പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിൽ ഉണ്ണിക്കൃഷ്‌ണൻപോറ്റിക്കും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും ഡൽഹിയിലെയും കർണാടകത്തിലെയും ഉന്നത കോൺഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു.


ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും ഗോവർധനും പലവട്ടം സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ വസതിയിൽ സന്ദർശിച്ചതിന്റെ പടങ്ങളും പുറത്തുവന്നിരുന്നു. എംപിമാരായ അടൂർ പ്രകാശ്‌, ആന്റോ ആന്റണി എന്നിവർക്കൊപ്പമായിരുന്നു കൂടിക്കാഴ്‌ച. ഇതേപ്പറ്റി കോൺഗ്രസ്‌ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഫലത്തിനുമുമ്പ്‌ വി ഡി സതീശൻ ശബരിമല സ്വർണക്കടത്ത്‌ കേസിൽ പൊലീസ്‌ ചോദ്യംചെയ്‌തയാളോടൊപ്പമാണ്‌ ചാർട്ടേഡ്‌ വിമാനത്തിൽ മംഗളൂരുവിലെത്തി എൻഡിഎ നേതാക്കളുമായി ചർച്ച നടത്തിയത്‌. ഇ‍ൗ സാഹചര്യത്തിൽ പ്രതിയുടെ അഭിഭാഷകനെത്തന്നെ ദേവസ്വം വകുപ്പിന്റെ അഭിഭാഷകനാക്കിയത്‌. കേസ്‌ അട്ടിമറിക്കാനെന്ന്‌ വ്യക്തം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home