ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്
ഒരു കോടി തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

പ്രതി വിക്രം
ഇരിങ്ങാലക്കുട
ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ കല്ലേറ്റുംകര സ്വദേശിയിൽനിന്ന് 1,06,75,000 രൂപ തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്‌റ്റിൽ. കോയമ്പത്തൂർ നോർത്ത് വിലൻകുറിച്ചി ചേരമ നഗർ സ്വദേശി വിക്രം (31) ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം പാലക്കാട് നിന്നാണ് പ്രതിയെ പിടികൂടിയത്. പരാതിക്കാരൻ ഗൂഗിളിൽ ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട വീഡിയോകൾ തിരയുന്നതിനിടെ ട്രേഡിങ്ങുമായി ബന്ധപ്പെട്ട പരസ്യം കണ്ടു. ലിങ്കിൽ ക്ലിക്ക് ചെയ്തതിനെത്തുടർന്ന് ‘ 5 പൈസ ടെക്‌നിക്കൽ അനാലിസിസ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമായി. കൂടുതൽ ലാഭകരമായ ട്രേഡിങ് നടത്താമെന്ന് വിശ്വസിപ്പിച്ച് ഗ്രൂപ്പ് അഡ്മിനായ പ്രതി പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പ്രതികൾ 1,06,75,000 രൂപ തട്ടിയെടുത്തു. നിക്ഷേപിച്ച തുകയും ലാഭവും പിൻവലിക്കാൻ ശ്രമിച്ച പരാതിക്കാരനോട് സർവീസ് ചാർജ് ഇനത്തിൽ കൂടുതൽ തുക ആവശ്യപ്പെട്ടപ്പോഴാണ് താൻ തട്ടിപ്പിനിരയായതായി മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ പാലക്കാട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹക്കീം (36), കോയമ്പത്തൂർ സ്വദേശി സഞ്ജയ് (26), തിരുനെൽവേലി സ്വദേശി ഷെയ്ക്ക് മുഹമ്മദ് അലി (29) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഇടപാടുകളിൽ പങ്കാളിയായതിനാണ് വിക്രത്തെ അറസ്റ്റ് ചെയ്തത്. തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ സി ബൈജു, എസ്‌ഐ കെ വി ജസ്റ്റിൻ, എഎസ്ഐ മനോജ്, സിപിഒ ശ്രീനാഥ്, ഡ്രൈവർ അനന്തുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.









0 comments