ad
Deshabhimani

മുള ഫ്ലേക്സും പൊടിയുമായി കെഎഫ്ആര്‍ഐ

മുള ഫ്ലേക്സ്

മുള ഫ്ലേക്സ്

വെബ് ഡെസ്ക്

Published on Aug 02, 2025, 12:39 AM | 1 min read

തൃശൂര്‍

കാടുകളിലെ അമൂല്യവിഭവമായ മുള ഇനി ഭക്ഷണമേശയിലും ഇടംപിടിക്കും. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎഫ്ആർഐ) മുളയുടെ കൂമ്പ് ഉപയോഗിച്ച്​ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത ഫ്ലേക്സും പൊടിയും ഇനി രുചിച്ചറിയാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരമ്പരാഗത ഭക്ഷണമായി ഉപയോഗിക്കുന്ന മുളങ്കൂമ്പ്, ദക്ഷിണേന്ത്യയിൽ അത്ര പ്രചാരത്തിലില്ല. ഭക്ഷ്യവസ്തുവെന്ന നിലയിലെ മുളയുടെ പോഷകഗുണങ്ങൾ പരിചയപ്പെടുത്താനാണ് കെഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ്​ ഡോ. ആർ ജയരാജിന്റെ നേതൃത്വത്തിൽ ഇവ വികസിപ്പിച്ചത്. വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ മുളങ്കൂമ്പ് ദഹന പ്രശ്നങ്ങളെ അകറ്റിനിർത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. നിർമാണരീതിയും
ഉപയോഗവും മുളങ്കൂമ്പ് ശേഖരിച്ച ശേഷം സംസ്കരിച്ച് ഈർപ്പം പൂർണമായും കളഞ്ഞ് പൊടിയും ഫ്ലേക്സുമാക്കി മാറ്റുന്നതിനുള്ള ശാസ്ത്രീയമായ രീതിയാണ് കെഎഫ്ആർഐ വികസിപ്പിച്ചത്. ഈ പ്രക്രിയയിലൂടെ മുളയുടെ തനത് ഗുണങ്ങൾ നഷ്ടപ്പെടാതെ നിലനിർത്താനാകും. കൊഴുപ്പ് കുറവാണെന്നതും ഇവയുടെ സവിശേഷതയാണ്. ദഹന പ്രക്രിയ എളുപ്പമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും മുളങ്കൂമ്പ് കൊണ്ടുള്ള ഫ്ലേക്സും പൊടിയും സഹായിക്കും. ഇത് ഉപയോഗിച്ച് ബിസ്‌കറ്റുകൾ, ബ്രെഡുകൾ തുടങ്ങിയ വിവിധ ബേക്കറി ഉല്‍പ്പന്നങ്ങളുമുണ്ടാക്കാം. ഉല്‍പ്പന്നങ്ങൾ വിപണിയിൽ വലിയ സാധ്യതകൾ തുറക്കുമെങ്കിലും, നിലവിൽ ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിനെക്കുറിച്ച് പൊതുസമൂഹത്തിന് വേണ്ടത്ര അവബോധമില്ലാത്തതാണ് പ്രധാന വെല്ലുവിളി. കൂടാതെ, അസംസ്‌കൃത വസ്തുക്കളുടെ വിതരണം, ഉൽപ്പാദനം വലിയരീതിയിൽ നടത്താനുള്ള വാണിജ്യ പങ്കാളികളുടെ കുറവ് എന്നിവയും ഗവേഷകർ നേരിടുന്ന വെല്ലുവിളികളാണ്. കർഷകർക്ക് പുതിയ
വരുമാനം മുള ഉൽപ്പന്നങ്ങളുടെ വാണിജ്യവല്‍ക്കരണം മുള കർഷകർക്ക് പുതിയൊരു വരുമാനമാർഗമാകും. കേരളത്തിൽ മുള കൃഷിക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കാനും ഇതുവഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാകും. ഈ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും അസംസ്കൃത വസ്തുക്കൾ നൽകാനും വാണിജ്യവല്‍ക്കരണത്തിനും താല്‍പ്പര്യമുള്ളവരെ കണ്ടെത്താന്‍ ആഗസ്ത്​ ​ഏഴിന് തിരുവനന്തപുരത്ത് കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആന്‍ഡ് എൻവയോൺമെന്റ് സംഘടിപ്പിക്കുന്ന റിസർച്ച് ആൻഡ്​ ഡെവലപ്മെന്റ് കോൺക്ലേവിലൂടെ സഹായകമാകും. മുളങ്കൂമ്പ് പൊടിയും ഫ്ലേക്സും ഉൾപ്പെടെ 15 ​ഗവേഷണങ്ങളാണ് കെഎഫ്ആർഐ കോൺക്ലേവിൽ അവതരിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home