ഗുരുവായൂർ കൃഷ്ണനാട്ടം കളരിയില്‍ 2 മാസം കച്ചകെട്ട് അഭ്യാസം

ഗുരുവായൂർ
കളിവിളക്കിനും ആട്ടത്തിനും അവധി... ഗുരുവായൂരിലെ കൃഷ്ണനാട്ടം കളരിയിൽ ഇനി രണ്ട് മാസം കച്ചകെട്ട് അഭ്യാസം.... ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം അരങ്ങേറുന്ന കൃഷ്ണനാട്ടം പരിശീലനത്തിന്റെ ഭാഗമായി കച്ചകെട്ട് അഭ്യാസത്തിന് വെള്ളിയാഴ്ച തുടക്കമാകും. രാവിലെ ഏഴിനാണ് കച്ചകെട്ട് ആരംഭിക്കുക. ആദ്യ ആഴ്ച രാവിലെ മാത്രമാണ് അഭ്യാസം. മെയ്യഭ്യാസം ചൊല്ലിയാട്ടം ചുട്ടി, മദ്ദളം(ശുദ്ധ മദ്ദളം, തൊപ്പി മദ്ദളം) എന്നിവ അഭ്യസിക്കും. പുലർച്ചെ 3 മുതലുള്ള ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ശനിയാഴ്ച തുടങ്ങും. കണ്ണ് സാധകം, കാൽ സാധകം, തീവട്ടം കുടയൽ, ചില്വാനം കാൽ സാധകം, പതിഞ്ഞ ഇരട്ടി വട്ടം എന്നിവ പ്രത്യേകമായി പരിശീലിപ്പിക്കും. ഉഴിച്ചിലും അവതാരം, കാളിയമർദനം, രാസക്രീഡ, കംസവധം എന്നീ കഥകളുടെ വിശദമായ ചൊല്ലിയാട്ടവും മറ്റു കഥകളിലെ തെരഞ്ഞെടുത്ത രംഗങ്ങളുടെ പരിശീലനവും നടക്കും. വൈകിട്ട് ആറു മുതൽ നാമം ചൊല്ലൽ, സാധകം, മുദ്രാഭിനയം, കണ്ണ് സാധകം, കൈ വീശൽ, കൈമറിയ്ക്കൽ, ചെറിയ കുട്ടികൾക്ക് താളം പിടിക്കൽ, മുഖാഭിനയം എന്നിവ പരിശീലിപ്പിക്കും. രാത്രി 8 വരെയാണ് പരിശീലനം. വേഷം, പാട്ട്, ശുദ്ധമദ്ദളം, തൊപ്പി മദ്ദളം, ചുട്ടി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും. 41 ദിവസമാണ് കച്ചകെട്ട് അഭ്യാസം. എസ് മാധവൻകുട്ടി(വേഷം), എം കെ ദിൽകുഷ്(പാട്ട്), കെ രാധാകൃഷ്ണൻ(ശുദ്ധമദ്ദളം), കെ രമേശൻ(തൊപ്പി മദ്ദളം), വി ആർ ശിവകുമാർ(ചുട്ടി) എന്നിവരുടെ നേതൃത്വത്തിൽ പത്തിലധികം ആശാന്മാരാണ് കച്ചകെട്ടിന് നേതൃത്വം നൽകുന്നത്. ഇതേ സമയം തന്നെ കൃഷ്ണനാട്ടത്തിനായുള്ള വേഷാലങ്കാരം നിർമാണവും നടക്കും. വി മുരളികൃഷ്ണന്റെ നേതൃത്വത്തിലാണ് വേഷാലങ്കാര നിർമാണം നടക്കുക. ജൂലൈ, ആഗസ്റ്റ് മാസത്തെ കച്ചകെട്ട് അഭ്യാസകാലം കഴിഞ്ഞ് സെപ്തംബർ ഒന്നിന് അവതാരം കളിയോടെ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം പുനരാരംഭിക്കും.










0 comments