വലപ്പാടും പൊറത്തിശേരിയും വിറച്ചു
നാശം വീശിയടിച്ച് മിന്നൽ ചുഴലി

ചുഴലിക്കാറ്റിൽ തകർന്ന കോതകുളം റഷീദിന്റെ വീട്
സ്വന്തം ലേഖകർ
Published on Jul 05, 2026, 12:49 AM | 2 min read
വലപ്പാട്
ഇരിങ്ങാലക്കുട ജില്ലയിൽ വലപ്പാടും ഇരിങ്ങാലക്കുട പൊറത്തിശേരിയിലും മിന്നൽ ചുഴലിക്കാറ്റ്. വീടുകൾക്ക് നാശം. ശനിയാഴ്ച പുലർച്ചെ 2.30നാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. മിനിറ്റുകള്‍ മാത്രം നീണ്ടു നിന്ന കാറ്റില്‍ മരങ്ങൾ കടപുഴകി വീണു. ട്രസുകൾ പറന്നുപോയി. വൈദ്യുതിക്കാലുകളും ഒടിഞ്ഞു വീണു. ഇരിങ്ങാലക്കുട നഗരസഭ പൊറത്തിശേരി പൊറത്തൂറുച്ചിറ ക്ഷേത്രത്തിന് സമീപത്താണ് ചുഴലി വീശിയത്. കനത്ത കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വള്ളൂപറമ്പില്‍ രാമന്റെ വീടിന്റെ മുകളിലായി സ്ഥാപിച്ചിരുന്ന ട്രസ് പറന്ന് സമീപത്തെ വീട്ടുവളപ്പിൽ പതിച്ചു. വാട്ടര്‍ ടാങ്കും ചിമ്മിനി പാരപ്പെറ്റും തകര്‍ന്നു. മണപ്പെട്ടി കമല ബാലകൃഷ്ണന്റെ വീട്ടിലേയ്ക്ക് അടുത്ത പറന്പിലെ മാവിൻകൊമ്പ് ഒടിഞ്ഞ് വീണു. ഓടിട്ട വീടിന്റെ അടുക്കളയും ഡൈനിങ് ഹാളും തകര്‍ന്നു. പോട്ടയില്‍ മുരളിയുടെ വീട്ട് വളപ്പിലെ മാവിന്റെ ചില്ല ഒടിഞ്ഞ് വീടിന് മുകളിലേയ്ക്ക് വീണ് ട്രസിന് കേടുപാടുകള്‍ സംഭവിച്ചു. കൂടാതെ നിരവധി ജാതി മരങ്ങളും തേക്ക് മരങ്ങളും ഒടിഞ്ഞ് വീണു. ചുഴലിക്കാറ്റിൽ വലപ്പാട് കോതകുളം പടിഞ്ഞാറ് ഭാഗത്ത് വീടുകൾ തകർന്നു. മരങ്ങൾ വീണ് റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. ഇല്ലിക്കുഴി യു കെ നായർ റോഡിലെ പുതിയ വീട്ടിൽ റഷീദിന്റെ വീടിന്റെ മേൽക്കൂര തകർന്നു. ഓടുകൾ പറന്നു പോയി. റഷീദും ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബം ഉറങ്ങുന്നതിനിടയിലേക്ക് ഓട് വീണെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. വീടിന്റെ മുൻഭാഗത്തെ ട്രസ് ഇളകി വീണു. ടോയ്‌ലറ്റിലെ ട്രസ്സും തകർന്നു. കോതകുളം ചുങ്കത്ത് കലാധരന്റെ പറമ്പിലെ മരം ഒടിഞ്ഞു വീണു. തിണ്ടിപറമ്പത്ത് രഞ്ജിത്തിന്റെ പറമ്പിൽ വ്യാപക നഷ്ടം ഉണ്ടായി. പനയ്‌ക്കൽ പ്രതാപന്റെ വീടിന് മുകളിലേക്ക് മരം വീണു. ചാലുകുളം പള്ളി റോഡിലും മരങ്ങൾ വീണ് റോഡ് ഗതാഗതം തടസ്സമുണ്ടായി. നാട്ടുകാർ മരം വെട്ടിമാറ്റിയാണ് ഗതാഗതം സാധ്യമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി കെ മോഹനൻ സ്ഥലത്തെത്തിയിരുന്നു. കാറ്റിലും മഴയിലും എറവ് വില്ലേജിലെ വടക്കൂട്ട് ഷീല വിജയന്റെ വീടിനു മുകളിലേക്ക് മാവ് കടപുഴകി വീണു. വാട്ടർ ടാങ്കിനും വീടിനും നാശം സംഭവിച്ചു. തങ്ങാലൂർ കരോർ തങ്കത്തിന്റെ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് സമീപത്തെ തെങ്ങ് വീണ് മേൽക്കൂര തകർന്നു.










0 comments