ad
Deshabhimani

നാടുകൈകോർത്തു; തീരം ക്ലീൻ

കടൽ തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിദ്യാർഥികൾ നീക്കം ചെയ്യുന്നു

കടൽ തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിദ്യാർഥികൾ നീക്കം ചെയ്യുന്നു

avatar
പി വി ബിമൽകുമാർ

Published on Jun 06, 2026, 12:15 AM | 1 min read


കൊടുങ്ങല്ലൂർ

തീരം തേടിയെത്തിയ തിരകൾ കരയിൽ തള്ളിയത് പ്ലാസ്റ്റിക് കൂമ്പാരമായിരുന്നു. കടലിന്റെ ആവാസ വ്യവസ്ഥയ്‌ക്ക് മാരക പരിക്കേൽപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യാനുള്ള ഉത്തരവാദിത്വം നാട് ഏറ്റെടുത്തു. ജനപ്രതിനിധികൾ നേതൃത്വവും നൽകിയതോടെ കയ്പമംഗലം മണ്ഡലത്തിലെ 20 കിലോമീറ്റർ വരുന്ന കടൽത്തീരത്ത് നിന്ന് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ്‌ നീക്കം ചെയ്‌തത്. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയിലെ തീരദേശത്തെ ജനപ്രതിനിധികളാണ് ‘തീര സുരക്ഷാ പദ്ധതി’യിലൂടെ കടലിനെയും തീരത്തെയും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്. രണ്ടുവർഷമായി നടക്കുന്ന പദ്ധതിയാണിത്‌. ലോക സമുദ്ര ദിനമായ ഞായറാഴ്‌ച ഇവർ കടലോരത്ത് ചവറ്റുകുട്ട സ്ഥാപിക്കും. തീരത്തടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യും. കടലോരം സുരക്ഷിതമാക്കുന്നതിന് സിസിടിവികൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടത്തും. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് നടത്തിയ പഠനത്തിൽ പ്ലാസ്റ്റിക്‌ മലിനീകരണം കടലിന് ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നു. ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിലേക്ക് തള്ളുന്നത്. മൈക്രോപ്ലാസ്റ്റിക് കണങ്ങൾ മത്സ്യം വഴി ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യ ശരീരത്തിൽ പ്രവേശിക്കും. ഈ സാഹചര്യത്തിലാണ് തീര സുരക്ഷാ പദ്ധതി തുടങ്ങിയത്. എറിയാട്, എടവിലങ്ങ്, എസ് എൻ പുരം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളിലെ കടൽത്തീരത്തടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്തു. സ്‌കൂൾ കോളേജ് വിദ്യാർഥികൾ, ഹരിത സേന, കുടുംബശ്രീ, കടലോര ജാഗ്രതാ സമിതി, തീരദേശ പൊലീസ്, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. വരുംദിവസങ്ങളിൽ കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളിലെ കടൽത്തീരങ്ങളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home