കായികകേരളത്തിന് കുതിപ്പായി സ്‌പോർട്‌സ് ഡിവിഷൻ

കുന്നംകുളം സ്പോർട്സ് ഡിവിഷനിലെ കുട്ടികൾ പരിശീലകരോടൊപ്പം
കുന്നംകുളം
കായിക കേരളത്തിന് കൂടുതൽ കരുത്ത് പകരാൻ കുന്നംകുളം കേന്ദ്രീകരിച്ച് നടത്തിയ ഇടപെടലിന് കൂടുതൽ പൊൻതിളക്കം. കായിക വിദ്യാർഥികൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ആരംഭിച്ച കുന്നംകുളം ഗവ. ബോയ്സ് സ്കൂളിലെ സ്‌പോർട്‌സ് ഡിവിഷനിലെ കുട്ടികൾ കഴിഞ്ഞ ദിവസം സമാപിച്ച ജില്ലാ കായിക മേളയിൽ വലിയ നേട്ടമാണുണ്ടാക്കിയത്. അത്‌ലറ്റിക്‌സിൽ മത്സരത്തിനിറങ്ങിയ 17 മത്സരാർഥികളും ഒന്നിനൊന്ന് മികവ് തെളിയിച്ചതോടെ വാരിയെടുത്തത് 23 മെഡലുകളാണ്. അതിൽ 10എണ്ണവും സ്വർണമാണ്. 10 വെള്ളിയും മൂന്നു വെങ്കലവും നേടി. ആൺകുട്ടികളുടെ സ്‌പ്രിന്റ് ഇനങ്ങളിൽ ഭൂരിഭാഗം മെഡലുകളും വാരിക്കൂട്ടിയത് ഇവരാണ്. ഒരിക്കൽ നിന്നു പോയ സ്‌പോർട്‌സ് ഡിവിഷൻ പുനഃസ്ഥാപിക്കാനുള്ള തീരുമാനം കുന്നംകുളത്തിന്റെയും മധ്യ കേരളത്തിന്റെയും കായിക കുതിപ്പിന് കരുത്താവുകയാണ്. കായികാധ്യാപകൻ പി ടി ശ്രീനിഷ്, കോച്ച് കുര്യാക്കോസ് മാത്യു എന്നിവരുടെ മേൽനോട്ടത്തിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. കുന്നംകുളം സ്കൂളിൽ പ്രവർത്തിച്ചിരുന്ന സ്‌പോർട്സ് ഡിവിഷൻ പിന്നീട് നിർത്തിയിരുന്നു. എ സി മൊയ്തീൻ കായിക മന്ത്രിയായിരിക്കെയാണ് വീണ്ടും ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചത്. ഇതിനായി 35 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ സ്കൂൾ സീനിയർ ഗ്രൗണ്ടിൽ നടത്തി. സിന്തറ്റിക്ക് ട്രാക്കും ഫുട്ബോൾ ടർഫുമടക്കമുള്ള അനുബന്ധ സൗകര്യവുമൊരുക്കി. നാല് കോടി രൂപ ചെലവിൽ ഹോസ്റ്റൽ നിർമിച്ചാണ് ഡിവിഷന്റെ പ്രവർത്തനം ആരംഭിച്ചത്. ഗ്രൗണ്ടിലെ ഗാലറി നവീകരിക്കുകയും ഇൻഡോർ സ്റ്റേഡിയവും നീന്തൽക്കുളവും വിദ്യാർഥികൾക്കായി സജ്ജമാക്കി. സിന്തറ്റിക്ക് ട്രാക്കിന് അഞ്ച് വർഷത്തേക്ക് അന്താരാഷ്ട്ര നിലവാര സർട്ടിഫിക്കറ്റും ലഭിച്ചു.









0 comments