മഴക്കാലത്ത് സൂക്ഷിക്കണം വെള്ളത്തിനൊപ്പം പാന്പുകളും

സ്വന്തം ലേഖിക
Published on Jul 05, 2026, 12:04 AM | 1 min read
തൃശൂർ
മഴ കനത്തത്തോടെ വീടുകളിലും റോഡുകളിലും വെള്ളം കയറിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക, വെള്ളത്തിനൊപ്പം പാമ്പുകളുമെത്താം. മഴക്കാലത്താണ് മുട്ടവിരിഞ്ഞ് പാമ്പിന്‍കുഞ്ഞുങ്ങള്‍ പുറത്തിറങ്ങുന്ന കാലം. അതുകൊണ്ടുതന്നെ പതിവില്‍ കൂടുതല്‍ പാമ്പുകളെ ജനവാസമേഖലകളില്‍ കണ്ടെത്തും. വെള്ളത്തിലൂടെ ഒഴുകിയെത്തി, വെള്ളമില്ലാത്ത ഇടങ്ങളില്‍ ഇവ ഇടം പിടിക്കും. മഴക്കാലത്ത് വീടുകള്‍ക്കുള്ളില്‍ നിന്ന് കൂടുതലായി പാമ്പുകളെ കണ്ടെത്തുന്നതായി സര്‍പ്പ കോ–ഓര്‍ഡിനേറ്റര്‍ സി പി ജോജു പറഞ്ഞു. ഒളിഞ്ഞിരിക്കാൻ സാധ്യമാകുന്ന ഇടങ്ങൾ, മേശ, കസേര, അലമാര, പാത്രങ്ങൾ, ജനൽ, വാതിൽ, ശുചിമുറി എന്നിവിടങ്ങളിൽ സസൂക്ഷ്മം പരിശോധിക്കണം. പാമ്പുകളെ കണ്ടെത്തിയാല്‍, പേടിക്കാതെ സര്‍പ്പ ആപ്ലിക്കേഷനിലൂടെ വിവരം അറിയിക്കാം. പാമ്പുപിടിത്തത്തില്‍ പരിശീലനം ലഭിച്ചവര്‍ വീട്ടിലെത്തി പാമ്പുകളെ പിടികൂടും. കടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തിക്കണം. പാമ്പ് വിഷം ഉള്ളതാണോയെന്നറിയാൻ പരിശോധനകൾ ലഭ്യമാണ്. കടിയേറ്റയാളെ സമാധാനിപ്പിക്കുക. കടിയേറ്റ ഭാഗം ഇളകാതിരിക്കാൻ ശ്രദ്ധിക്കുക. മുറിവിൽ അമർത്തുകയോ തടവുകയോ മുറിവ് വലുതാക്കുകയോ ചെയ്യരുത്. കടിയേറ്റയാളെ നടത്തിക്കാതെ ഉറപ്പുള്ള പ്രതലത്തിൽ (പലക, സ്ട്രെച്ചർ) കിടത്തി ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കണം. താലൂക്ക് ആശുപത്രികള്‍, ത-ൃശൂർ മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ, എലൈറ്റ്, മെട്രോ, അമല എന്നീ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്.











0 comments