ad
Deshabhimani

സീതാറാം മിൽ ഭൂമി വ്യവസായ 
പാർക്കാക്കണം: പി രാജീവ്

തൃശൂർ സീതാറാം ടെക്സ്റ്റൈൽസ് രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും പട്ടയവിതരണവും നിർവഹിക്കാനെത്തിയ മന്ത്രി പി രാജീവ് മില്ലിലെ പ്രവർത്തനങ്ങൾ കാണുന്നു

വെബ് ഡെസ്ക്

Published on Oct 14, 2025, 12:26 AM | 1 min read


തൃശൂർ

സീതാറാം മിൽ നവീകരണത്തിനൊപ്പം മില്ലിന്റെ ഭൂമിയെ വ്യവസായപാർക്കാക്കി മാറ്റണമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌. സീതാറാം ടെക്‌സ്റ്റയിൽസിന്റെ 15.47 കോടി രൂപയുടെ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ നഗരഹൃദയത്തിൽ സീതാറാം മില്ലിന്‌ ധാരാളം ഭൂമിയുണ്ട്‌. ഇ‍ത്‌ പ്രയോജനപ്പെടുത്തി മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച്‌ വിപണന കേന്ദ്രമാക്കാം. മിൽ തൊഴിലാളികളുടെ മക്കൾക്ക്‌ ജോലിക്ക്‌ അവസരമൊരുക്കാം. വ്യാവസായിക ആവശ്യങ്ങൾക്ക്‌ ഭൂമി പാട്ടത്തിന്‌ നൽകാം. ആ വരുമാനം ഉപയോഗിച്ച്‌ മില്ലിനെ നവീകരിക്കാനുമാവും. ഇത്തരം പദ്ധതികൾ സമർപ്പിച്ചാൽ സർക്കാർ അംഗീകാരം നൽകും. സീതാറം മില്ലുൾപ്പെടെയുള്ള മില്ലുകൾക്ക്‌ കോട്ടൺ വാങ്ങാൻ കോട്ടൺ ബോർഡ്‌ രൂപീകരിച്ചു. ബോർഡ്‌ സീസണിൽ കോട്ടൺ വാങ്ങി മില്ലുകൾക്ക്‌ നൽകും. അതിനാൽ വിലക്കുറവിൽ കോട്ടൻ ലഭിക്കാൻ സാഹചര്യമൊരുങ്ങി. മില്ലുകളുടെ വൈദ്യുതി കുടിശ്ശിക 132 കോടി എഴുതിത്തള്ളി, പിഎഫും ഗ്രാറ്റുവിറ്റിയും നൽകാൻ 32 കോടി അനുവദിച്ചു. ഇത്തരത്തിൽ സംസ്ഥാന സർക്കാർ മില്ലുകളെ സംരക്ഷിക്കയാണ്‌. എന്നാൽ കേന്ദ്രമില്ലുകൾ അടഞ്ഞുകിടക്കുകയാണ്‌. കഴിഞ്ഞ ആറുമാസത്തിനകം 23 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കിയെന്നും രാജീവ്‌ പറഞ്ഞു. ചടങ്ങിൽ മിൽ ഭൂമിയിൽ വർഷങ്ങളായി താമസിക്കുന്ന ആറ്‌ കുടുംബങ്ങൾക്ക്‌ പട്ടയം വിതരണം ചെയ്‌തു. ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. വ്യവസായ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ്‌, സ്‌പെഷ്യൽ ഓഫീസർ ആനി ജ‍ൂല തോമസ്‌, ബിപിടി ചെയർമാൻ അജിത്‌ കുമാർ, സീതാറാം മിൽ എംഡി കെ എസ്‌ കൃപകുമാർ, കേരള ബാങ്ക്‌ വൈസ്‌ ചെയർമാൻ എം കെ കണ്ണൻ, ക‍ൗൺസിലർ എം കെ സുരേഷ്‌, തൊഴിലാളി യൂണിയൻ പ്രതിനിധികളായ പി ഹരിദാസ്‌, എം രാധാകൃഷ്‌ണൻ, ബോർഡ്‌ മെന്പർമാരായ എ ആർ കുമാരൻ, കെ എം വർഗീസ്‌, കെ പി ശശികുമാർ, ടി വി ബേബി, മിൽ മാനേജർ എസ്‌ വിജയകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home