വൻ മയക്കുമരുന്നുവേട്ട; 4 പേർ പിടിയിൽ

തൃശൂർ /വലപ്പാട്
ജില്ലയിൽ രണ്ടിടങ്ങളിൽ വൻ രാസലഹരി വേട്ട. മണ്ണുത്തിക്കടുത്ത് മുല്ലക്കരയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ 40.057 ഗ്രാമും തളിക്കുളത്ത് പൊലീസ് നടത്തിയ പരിശോധനയിൽ 33.5 ഗ്രാമും എംഡിഎംഎയാണ് പിടികൂടിയത്. ഇരുസംഭവങ്ങളിലുമായി 4 പേർ പിടിയിലായി. മണ്ണുത്തി മുല്ലക്കരയിൽ 40.057 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും തൃശൂർ എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്‌ഡിൽ മുല്ലക്കര പെരുമായൻ സിന്റോ ആന്റണി (32), മുടിക്കോട് താഴത്തുപറമ്പിൽ മുഹമ്മദ് ഷഫീർ (23) എന്നിവരാണ് അറസ്‌റ്റിലായത്. തിങ്കൾ പുലർച്ചെയാണ് പ്രതികൾ പിടിയിലായത്. രണ്ടു ലക്ഷം രൂപ വിലവരുന്നതാണ് പിടികൂടിയ രാസലഹരി. ബംഗളൂരുവിൽനിന്നാണ് മയക്കുമരുന്ന് കടത്തുന്നത്. പിടിയിലായ സിന്റോ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എക്‌സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി ജെ റോയ്‌യുടെ നേതൃത്വത്തിൽ ഒരാഴ്ചയായി മണ്ണുത്തി മേഖലയിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. തൃശൂർ ഇന്റലിജൻസ് ഇൻസ്‌പെക്ടർ എ ബി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും പരിശോധനയിലുണ്ടായിരുന്നു. സ്ക്വാഡ് ഇൻസ്പെക്ടർ സുദർശനകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ കെ വത്സൻ, പ്രിവന്റീവ് ഓഫീസർമാരായ വി എസ് സുരേഷ് കുമാർ, എ ടി ഷാജു, എസ് അഫ്സൽ, സിവിൽ എക്‌സൈസ് ഓഫീസർ സി ജെ റിജോ എന്നിവർ അന്വേഷകസംഘത്തിൽ ഉൾപ്പെട്ടിരുന്നു. തൃശൂർ ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ വി സുഭാഷ്, അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ എ ടി ജോബി എന്നിവരുടെ നിർദേശപ്രകാരമായിരുന്നു റെയ്‌ഡ്. തളിക്കുളത്തുള്ള ഫ്ലാറ്റിൽ നിന്ന് എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം സ്വദേശി വലിയകത്ത് വീട്ടിൽ ഫസീല (33) എന്നിവരെയാണ് രാസലഹരിയുമായി പിടികൂടിയത്. തിങ്കളാഴ്ച ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. അഖിൽ കാട്ടൂർ മതിലകം പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു, വാടാനപ്പിള്ളി എസ്എച്ച്ഒ എൻ ബി ഷൈജു, വലപ്പാട് എസ്ഐ സി എൻ എബിൻ, ജിഎസ്ഐപിയു ഉണ്ണി, റൂറൽ ജില്ലാ ഡാൻസാഫ് അംഗങ്ങളായ എസ്ഐ സി ആർ പ്രദീപ് , എഎസ്ഐ ലിജു ഇയ്യാനി, എസ്‌സിപിഒ സി കെ ബിജു, സിപിഒ സുർജിത് സാഗർ, വലപ്പാട് ജിഎസ്‌സിപി ഒ അനൂപ്, സിപിഒ സിജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.








0 comments