ad
Deshabhimani

പട്ടയം വീട്ടിലെത്തിച്ച് എംഎല്‍എ ലക്ഷ്മിക്കുട്ടിയമ്മയ്‌ക്കിത്‌ 
50 വര്‍ഷത്തെ കാത്തിരിപ്പ്‌

.
വെബ് ഡെസ്ക്

Published on Oct 30, 2025, 12:25 AM | 1 min read

ചേലക്കര

പ്രായം 95 ആയപ്പോഴും പട്ടയത്തിനായുള്ള പ്രതീക്ഷ കൈവിട്ടില്ല ചേലക്കര ചീപ്പാറ വില്ലടത്ത് ലക്ഷ്മിക്കുട്ടിയമ്മ. യു ആര്‍ പ്രദീപ് എംഎല്‍എ പട്ടയം കൈകളില്‍ വച്ചുകൊടുത്തപ്പോൾ സ്വപ്‌നം സാക്ഷാത്കരിച്ച സംതൃപ്തി നിറഞ്ഞു ആ കണ്ണുകളില്‍. ജില്ലാ പട്ടയമേളയില്‍ പങ്കെടുക്കാന്‍ അനാരോഗ്യം അനുവദിക്കില്ലെന്നറിയിച്ചതോടെയാണ് പട്ടയം വീട്ടിലെത്തി നല്‍കാമെന്ന് യു ആര്‍ പ്രദീപ് എംഎല്‍എ ബന്ധുക്കളെ അറിയിച്ചത്. 50 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ലക്ഷ്മിക്കുട്ടിയമ്മ, അന്നുമുതലേ പട്ടയത്തിനായി കാത്തിരിക്കുകയാണ്. പലവട്ടം ഓഫീസുകള്‍ കയറിയിറങ്ങി. മരിച്ചുപോയ മകന്‍ മുരളീധരന്റെ മകനോടൊപ്പമാണ് ഇ‍ൗ വീട്ടിൽ താമസിക്കുന്നത്. 12.5 സെന്റ് കുടികിടപ്പ് ഭൂമിക്ക് അനുവദിച്ച പട്ടയമാണ് കൈമാറിയത്. പഞ്ചായത്ത്, ജിയോളജി വകുപ്പുകളുടെ എന്‍ഒസി മുതലായവ ലഭ്യമാക്കിയും റവന്യൂ നടപടിക്രമങ്ങള്‍ വേഗത്തിലായതുമാണ് പട്ടയം നല്‍കാന്‍ കഴിഞ്ഞതെന്ന് എംഎല്‍എ വ്യക്തമാക്കി. ചേലക്കര, നെടുമ്പുര, ദേശമംഗലം കണിയാര്‍ക്കോട് എന്നീ വില്ലേജുകളില്‍പ്പെട്ട 23 പേര്‍ക്ക് കൂടി പട്ടയം അനുവദിച്ചതായി എംഎല്‍എ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പട്ടയമേളയില്‍ വിതരണം ചെയ്യും. തലപ്പള്ളി താലൂക്ക് തഹസില്‍ദാര്‍ പി പി സീന, വില്ലേജ് ഓഫീസര്‍ ബിനോയ്, സോണി, ഷിനു, പഞ്ചായത്തംഗം പി എ ജാഫര്‍, ടി എന്‍ പ്രഭാകരന്‍, സി കെ സുരേഷ്, ഒ എസ് സജി, ഹരി നാരായണന്‍, പി എം ഷറഫുദ്ദീന്‍, വി സുമീഷ് തുടങ്ങിയവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home