ad
Deshabhimani

ഗുരുവായൂര്‍ അഷ്ടമിരോഹിണി 
ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

വെബ് ഡെസ്ക്

Published on Sep 03, 2026, 12:41 AM | 1 min read

ഗുരുവായൂര്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണന്ന് ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിലെത്തുന്നവർക്കെല്ലാം സുഖദർശനമൊരുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അഷ്ടമിരോഹിണി ആഘോഷത്തിന്‌ 36.82 ലക്ഷം രൂപയുടെയും അപ്പം, പാല്‍പ്പായസം വഴിപാടുകള്‍ക്കായി 7.25 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റിന്‌ ഭരണസമിതി അംഗീകാരം നല്‍കി. വിശേഷാൽ പ്രസാദ ഊട്ടിന്‌ മാത്രമായി 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും അംഗീകരിച്ചിട്ടുണ്ട്. അഷ്ടമിരോഹിണി ദിനത്തിൽ രാവിലെയും ഉച്ചയ്‌ക്കും രാത്രിയിലുമുള്ള വിശേഷാൽ എഴുന്നള്ളിപ്പിന് ദേവസ്വം കൊമ്പന്‍ ഇന്ദ്രസെൻ സ്വർണക്കോലമേറ്റും. രാവിലെയുള്ള കാഴ്ചശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ ,ഗുരുവായൂർ സന്തോഷ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ മേളം ഒരുക്കും. ഉച്ചയ്ക്കും രാത്രി വിളക്കിനും പഞ്ചവാദ്യത്തിന് തിമിലയിൽ ചോറ്റാനിക്കര നന്ദപ്പൻ മാരാരും മദ്ദളത്തില്‍ കലാമണ്ഡലം കുട്ടി നാരായണനും ഇടയ്ക്കയില്‍ പല്ലശന സുധാകരനും കൊമ്പില്‍ പേരാമംഗലം വിജയനും ഇലത്താളം - പാഞ്ഞാൾ വേലുക്കുട്ടിയും നേതൃത്വം നല്‍കും. സന്ധ്യാ തായമ്പകയ്‌ക്ക്‌ ഗുരുവായൂർ ശശി മാരാരും സംഘവും രാത്രി വിളക്കിന് വിശേഷാൽ ഇടയ്ക്ക - ഗുരുവായൂർ ശശി മാരാരും നാഗസ്വര പ്രദക്ഷിണത്തിന്‌ - നെന്മാറ കണ്ണനും നേതൃത്വം നല്‍കും. പ്രസാദ ഉ‍ൗട്ട്‌ രാവിലെ ഒന്പതിന്‌ ആരംഭിക്കും. പകല്‍ രണ്ടിന് പ്രസാദ ഊട്ടിനുള്ള വരിനിൽപ്പ് അവസാനിപ്പിക്കും. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും അതിന് സമീപമൊരുക്കുന്ന പന്തലിലും പ്രസാദഊട്ട് നൽകും. അന്നലക്ഷ്മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത്‌ ഒരുക്കും. തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലേക്കുളള വരി പട്ടര്കുളത്തിന് വടക്ക്ഭാഗത്തായി ഒരുക്കും. പ്രസാദ ഊട്ട് നൽകാൻ ദേവസ്വം ജീവനക്കാർക്ക് പുറമെ 150 വിളമ്പുകാരെ നിയോഗിക്കും. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home