എസ്എൻഡിപി യോഗം
ഭാരവാഹികള്‍ പുറത്തുനിന്ന്; കുട്ടനാട് സൗത്ത് യൂണിയനിൽ പ്രതിഷേധം

ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ എടത്വയിൽ സംഘടിപ്പിച്ച മാർച്ച്
തകഴി
എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയനിൽ പുറത്തുനിന്നുള്ളവരെ ചെയർമാനും കൺവീനറുമായി നിയമിച്ചതിനെതിരെ പ്രതിഷേധം. യൂണിയൻ പരിധിയിലെ ശാഖകളിൽനിന്നുതന്നെ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ എടത്വയിൽ മാർച്ചും യോഗവും നടത്തി. ഏഴ് വർഷമായി അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരുന്ന യൂണിയൻ കമ്മിറ്റി ആഗസ്‍ത് 12ന് പുനഃസംഘടിപ്പിച്ചിരുന്നു. യൂണിയൻ പരിധിക്ക് പുറത്തുള്ള അനിൽ പി ശ്രീരംഗത്തെ ചെയർമാനായും കൊല്ലം സ്വദേശി സന്ദീപ് പച്ചയിലിനെ കൺവീനറായും നിയമിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
എടത്വ സെന്റ് അലോഷ്യസ് കോളേജിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് എടത്വ പാലം പിന്നിട്ട് ടൗണിലെ കുരിശടിക്ക് സമീപമെത്തിയപ്പോൾ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. തുടർന്ന് പ്രതിഷേധയോഗം ചേർന്നു. കുട്ടനാട് സൗത്ത് യൂണിയനിലെ 41 ശാഖകളിൽനിന്ന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും പുറത്തുനിന്നുള്ള നേതൃത്വത്തെ ഒഴിവാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മുപ്പതിലേറെ ശാഖകളിലെ ഭാരവാഹികൾ മാർച്ചിൽ പങ്കെടുത്തു.
ശാഖാ ഭാരവാഹികളുമായി ആലോചിച്ച് പുതിയ നേതൃത്വം തെരഞ്ഞെടുക്കുന്നതുവരെ പുറത്തുനിന്നുള്ള നേതൃത്വത്തെ ബഹിഷ്‌കരിക്കുമെന്നും യൂണിയൻ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുമെന്നും ശാഖാ കോ–ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. കെ സോമൻ, പി വി വിജയൻ, പി എസ് ബിജു, ഗണേഷ് കോയിത്ര, മധുസൂദനൻ, വേണുരാജ് അട്ടിയിൽ, അമ്പലപ്പുഴ ജയദേവൻ, രാജൻ ഐരാംപള്ളി, കുഞ്ഞുമോൻ, എം ബി ഉണ്ണികൃഷ്‌ണൻ, സന്തോഷ്‌കുമാർ പെരുമ്പള്ളി, ബാബു ചെമ്പുംപുറം, രശ്‍മി ബിനു, സൽമ ദേശായി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.










0 comments