ad
Deshabhimani

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നാളെ

തലയുയർത്തി... വെളിച്ചത്തിലേക്ക്

.
വെബ് ഡെസ്ക്

Published on Oct 31, 2025, 12:13 AM | 1 min read



സ്വന്തം ലേഖകൻ

തൃശൂർ

"ഇപ്പോൾ എനിക്ക് സ്വന്തമായി വരുമാനമുണ്ട്, മക്കളെ നന്നായി നോക്കാൻ സാധിക്കുന്നുണ്ട്. "ചാഴൂർ സ്വദേശിനി പ്രജിതയുടെ വാക്കുകൾ പുഞ്ചിരിയായി വിരിയുമ്പോൾ, അതിജീവനത്തിന്റെയും ആത്മാഭിമാനത്തിന്റെയും കത്തുന്ന പ്രകാശമുണ്ട്. കാഴ്ച വൈകല്യവും ഭർത്താവിന്റെ അഭാവത്തിൽ ഒറ്റപ്പെടലിന്റെ വേദനയും പ്രജിത അനുഭവിച്ചറിഞ്ഞതാണ്. മക്കളുടെ കാര്യവും പ്രജിതയുടെ കണ്ണീരായിരുന്നു. അവർക്കും പ്രജിതയെപ്പോലെ കാഴ്ചക്കുറവുണ്ടായിരുന്നു. മക്കളുടെ ചികിത്സയും നിത്യച്ചെലവും ഈ അമ്മയ്ക്ക് താങ്ങാനാകാത്തതായിരുന്നു. സർക്കാർ ഇടപെടലും അതിദാരിദ്ര്യ നിർമാർജന പദ്ധതിയും പ്രജിതയുടെ ജീവിതം മാറ്റി. പ്രീഡിഗ്രി വിദ്യാഭ്യാസം ഉണ്ടായിട്ടും കാഴ്ച പരിമിതി കാരണം സ്ഥിരവരുമാനം നേടാൻ പ്രജിതയ്ക്ക് കഴിഞ്ഞിരുന്നില്ല. കുടുംബം അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ പുതിയൊരു വാതിൽ തുറന്നു. കുടുംബശ്രീ സിഡിഎസ് വഴി ഹരിത കർമസേനയിൽ അംഗമാകാൻ അവസരം ലഭിച്ചു. ഏഴായിരം മുതൽ ഒമ്പതിനായിരം രൂപ വരെയുള്ള വരുമാനം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പിച്ചു. " എനിക്കും മക്കൾക്കും ഭിന്നശേഷി പെൻഷന്‍ ലഭിക്കുന്നുണ്ട്. മറ്റൊരാളുടെ മുന്നിൽ കൈ നീട്ടാതെ സ്വന്തമായി ജീവിക്കാൻ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം' -–-പ്രജിതയുടെ വാക്കുകൾ അതിദരിദ്ര്യ നിർമാർജന പദ്ധതിയുടെ വിജയം അടയാളപ്പെടുത്തുന്നു. നിലവിൽ പ്രജിതയും മക്കളും താമസിക്കുന്ന കുടുംബ വീട് സ്വന്തംപേരിലാക്കാൻ ചില നിയമ പ്രശ്നങ്ങളുണ്ട്. സ്വന്തമായൊരു വീടെന്ന സ്വപ്നം അധികം വൈകാതെ സഫലമാകുമെന്ന പ്രതീക്ഷയിലാണ് ഇ‍ൗ വീട്ടമ്മ. പ്രജിതയെപ്പോലെ ആയിരക്കണക്കിന് ജീവിതങ്ങൾക്ക് താങ്ങും തണലുമാവുകയാണ് സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതി. ജില്ലയിലെ ആകെ 5013 അതിദരിദ്രരിൽ 4649 പേർക്കായി മൈക്രോപ്ലാനുകൾ തയ്യാറാക്കിയിരുന്നു. ഇതിൽ 3197 പേർ അതിദാരിദ്ര്യത്തിൽ നിന്ന് പൂർണമുക്തരായി. ശേഷിക്കുന്ന 1451 പേരെ ‘പാർക്ക്' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ താമസം മാറിയവർ, വാടക വീട്ടിലേക്ക് മാറിയവർ സഹായങ്ങൾ ആവശ്യമില്ലാത്തവർ, മരണപ്പെട്ടവർ, ബന്ധുക്കളോടൊപ്പം താമസിക്കുന്നവർ തുടങ്ങിയ തുടർസഹായം ആവശ്യമില്ലാത്തവരാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home