കൂറുമാറ്റ പരാതി നൽകിയില്ല
മറ്റത്തൂരിൽ ബിജെപി ഡീൽ തുടരാൻ ഡിസിസി ഒത്താശ

സ്വന്തം ലേഖകൻ
മറ്റത്തൂർ
മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് – ബിജെപി ഡീൽ തുടരാൻ ഡിസിസിയുടെ ഒത്താശ. ഒരു വർഷത്തോളമായിട്ടും പഞ്ചായത്ത് അംഗത്വം റദ്ദാക്കാൻ കൂറുമാറ്റ നിയമപ്രകാരം ഒരു നടപടിയും കോൺഗ്രസ് നേതൃത്വം കൈക്കൊണ്ടില്ല. ബിജെപിയുമായി സംഖ്യമുണ്ടാക്കിയവരുടെ സ്ഥാനം നഷ്ടപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പരസ്യമായി പറഞ്ഞിരുന്നു. ഒരു വർഷത്തോളമായിട്ടും പരാതി നൽകിയില്ല. ബിജെപി പിന്തുണയിൽ അധികാരത്തിലെത്തിയ പ്രസിഡന്റും വൈസ് പ്രസിഡന്റും തുടരുകയാണ്. കോൺഗ്രസ് ഭരണത്തിനെതിരെ എൽഡിഎഫ് അവിശ്വാസപ്രമേയം ശനിയാഴ്‌ച ചർച്ചയ്‌ക്കെടുക്കുകയാണ്. എന്നാൽ വിപ്പ്‌നൽകുന്നതിനുള്ള ചർച്ചകൾ പോലും ഡിസിസി തലത്തിൽ നടത്തിയില്ല. ബിജെപിയുമായുണ്ടാക്കിയ ഡീലിന്റെ അടിസ്ഥാനത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്പെയാണ് കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചത്. തുടർന്ന് കോൺഗ്രസ് വിമത ടെസി ജോസിനെ പ്രസിഡന്റായും കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച നൂർജഹാൻ നവാസിനെ വൈസ് പ്രസിഡന്റായും ബിജെപി പിന്തുണയോടെ ജയിപ്പിച്ചു. സംഭവം വിവാദമായതോടെ നൂർജഹാൻ സ്ഥാനം രാജിവച്ചു. എന്നാൽ, ടെസി ജോസ് രാജിവച്ചില്ല. പിന്നീട് നടന്ന വൈസ്‌പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൈപ്പത്തിയിൽ മത്സരിച്ച് ജയിച്ച കോൺഗ്രസ് അംഗം മിനി ബിജെപി പിന്തുണയിൽ തെരഞ്ഞെടുക്കപ്പെട്ടു. പാർടി തീരുമാനം ലംഘിച്ചെന്ന പേരിൽ കോൺഗ്രസ് അംഗങ്ങളെ പുറത്താക്കിയെന്നാണ് ഡിസിസിയുടെ അവകാശവാദം. എന്നാൽ, വി ഡി സതീശൻ നയിച്ച ജാഥയ്‌ക്ക് പുതുക്കാട്ടെ സ്വീകരണത്തിൽ ‘മറ്റത്തൂർ പിടിച്ചെടുത്തവർ’ എന്ന പേരിൽ വിമതരെ വേദിയിലേക്ക് ആനയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റ് പങ്കെടുത്ത കൺവെൻഷനിൽ പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെ പങ്കെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിലും പുതുക്കാട് മണ്ഡലത്തിൽ ബിജെപി– കോൺഗ്രസ് ഡീൽ തുടർന്നു. ബിജെപിക്ക് 2021നേക്കാൾ 6875 വോട്ട് കുറഞ്ഞു. ഇത് യുഡിഎഫിന് മറിച്ചുകൊടുത്തു. എന്നാലും എൽഡിഎഫ് മികച്ച വിജയം നേടി.









0 comments