Deshabhimani

ആരുമെത്താൻ കൊതിക്കും കോഴിമുട്ടപ്പാറ പക്ഷേ, കാണാൻ 
അനുവാദമില്ല

avatar
ഇ കെ അനൂപ്‌

Published on Nov 07, 2026, 12:30 AM | 1 min read

വെള്ളിക്കുളങ്ങര

കോഴിമുട്ടയുടെ ആകൃതിയിലൊരു പാറ, ഒന്നുതൊട്ടാൽ താഴേക്ക്‌ ഉരുണ്ടുവീഴുമെന്ന്‌ തോന്നിക്കും... അത്ര ക‍ൗതുകത്തോടെയാണ്‌ ഇ‍ൗ പാറയുടെ നിൽപ്പ്‌. പക്ഷേ, അവിശ്വസനീയമായ ഇ‍ൗ കാഴ്‌ചകാണാൻ സന്ദർശകർക്ക്‌ അനുവാദമില്ല. മലയോര ഹൈവേയുടെ ഭാഗമായ വെള്ളിക്കുളങ്ങര- – ചൊക്കന റോഡിൽ വെള്ളിക്കുളങ്ങര ജങ്‌ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ്‌ കോഴിമുട്ടപ്പാറ സ്ഥിതിചെയ്യുന്നത്‌. ബസ് റൂട്ടുള്ള പ്രധാന റോഡിൽ നിന്ന് ഏകദേശം 500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോഴിമുട്ടപ്പാറ കാണാൻ ഒരു കാലത്ത് സഞ്ചാരികളുടെ തിരക്കായിരുന്നു. വർഷങ്ങളായി ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. വന്യജീവികളുടെ സാന്നിധ്യമാണ് ഇതിനുള്ള പ്രധാന കാരണമായി പറയുന്നത്. 1988ൽ എസ് കെ പൊറ്റെക്കാടിന്റെ കഥയിൽ ബാബു രാധാകൃഷ്ണൻ സംവിധാനം ചെയ്ത് അശോകനും ശാരിയും അഭിനയിച്ച "താല' എന്ന സിനിമയുടെ ഷൂട്ടിങ്‌ ലൊക്കേഷൻ ഇവിടെയായിരുന്നു. കോഴിമുട്ടപ്പാറയുടെ അൽപ്പം താഴെയായി പരന്ന പാറകൾ ഇരിപ്പിടങ്ങൾ പോലെയാണ്. ഇപ്പോൾ അവിടങ്ങളിലെല്ലാം വലിയകാടുകളായി മാറിയിരിക്കുകയാണ്. വനം വകുപ്പിന്റെ കീഴിലുള്ള ഈ പ്രദേശത്ത് എന്നെങ്കിലും പ്രവേശനം അനുവദിച്ച് മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമായി കോഴിമുട്ടപ്പാറയും പരിസര പ്രദേശവും മാറുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരികളും നാട്ടുകാരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home