Deshabhimani

ചൂളം വിളിയിൽ സംഗീത മാധുര്യം

വെബ് ഡെസ്ക്

Published on Nov 07, 2026, 12:34 AM | 1 min read

കുന്നംകുളം

ചൂളമടിച്ച്‌ കറങ്ങിനടക്കുകയല്ല, ചൂളം വിളിയിലൂടെ പാട്ടുകൾ അവതരിപ്പിച്ച് ശ്രദ്ധേയനാവുകയാണ് പഴഞ്ഞി അയിനൂർ സ്വദേശി സുരേഷ് ചുള്ളിപ്പറമ്പിൽ. ചെറുപ്പത്തിൽ കൂട്ടുകാരൊത്ത് പരിശീലിച്ച ചൂളംവിളി സംഗീത വാദനത്തിന് ഉപയുക്തമാക്കിയതിലൂടെയാണ് വ്യത്യസ്ത കലാപ്രകടനവുമായി സുരേഷ് വേദികൾ കീഴടക്കുന്നത്. പുല്ലാങ്കുഴലിലും വയലിനിലുമെല്ലാം പാട്ടുകൾ വായിക്കുന്നതുപോലെ ചൂളം വിളിയിലൂടെ കഴിയുമോ എന്ന പരീക്ഷണമാണ് സംഗീത സംവിധായകനും ഗാന രചയിതാവുമായ സുരേഷിനെ ഈ മേഖലയിലേക്ക് എത്തിച്ചത്. ചെറുപ്പം മുതൽ പാട്ടുപാടിയിരുന്ന സുരേഷിന് കുടുംബം നൽകിയ പിന്തുണ ചൂളംവിളിയുടെ പുതിയ ലോകത്തേക്ക് വഴിതുറക്കുകയായിരുന്നു. ഈ മേഖലയിൽ വ്യത്യസ്തത കൊണ്ടുവന്നിരുന്ന പ്രസാദ് നെല്ലിയാമ്പതിയുടെ പാട്ടുകൾ പ്രചോദനമായതോടെ സംഗീതാത്മകമായി ചൂളംവിളിയെ കൊണ്ടുവരാനുള്ള ശ്രമം തുടർന്നു. പരിചിതമായ പാട്ടുകളാണെങ്കിൽ ആ നിമിഷം തന്നെ ചൂളത്തിലൂടെ അവതരിപ്പിക്കാൻ സുരേഷിനാകും. ഇത്തരത്തിൽ ആയിരത്തിലധികം പാട്ടുകൾക്ക് ചൂളംവിളിച്ച് ജീവൻ നൽകാൻ ഇദ്ദേഹത്തിനായി. കുടുംബത്തോടൊപ്പം ടിവി പരിപാടികളിൽ ചൂളം വിളി അവതരിപ്പിച്ചും വിജയകിരീടം ചൂടിയിട്ടുണ്ട്. ചിറവരമ്പത്തുകാവ് ദേവീ കടാക്ഷം, ദേവീ പ്രസാദം, ശിവഗംഗ, ചിലമ്പടി, കണ്ടിരുത്തിക്കാവ് തുടങ്ങിയ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. കാട്ടകാമ്പാൽ ക്ഷേത്രത്തെക്കുറിച്ചുള്ള രണ്ട് ആൽബങ്ങളുടെ പണിപ്പുരയിലാണ് സുരേഷ്‌. നിലവിൽ അരുവായി ചെറുകരയിലാണ് താമസം. ഭാര്യ സരിത. വലപ്പാട് ഗീതാരവി പബ്ലിക് സ്‌കൂളിലെ സംഗീതാധ്യാപികയായ ഗോപിക കൃഷ്‌ണ, ഹരികൃഷ്ണൻ എന്നിവർ മക്കളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home