ഉദ്യോഗാർഥികൾക്ക് തലമുണ്ഡനവും ഉദ്യോഗസ്ഥർക്ക് നാടുകടത്തലും: എ എ റഹിം

തിരുവനന്തപുരം:
ഉദ്യോഗാർഥികൾക്ക് തലമുണ്ഡനവും ഉദ്യോഗസ്ഥർക്ക് നാടുകടത്തലുമാണ് വി ഡി സതീശൻ മന്ത്രിസഭയുടെ രീതിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം പറഞ്ഞു. എൽപിഎസ്ടി ഉദ്യോഗാർഥികൾ സമരത്തിൽനിന്ന് പിന്മാറണമെന്നും ചർച്ചയ്ക്ക് കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ഹിറ്റ്‍ലറുടെ നിലപാടിന് സമാനമാണ്. സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ എന്തിനാണ് കേസെടുത്തതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എൽപിഎസ്‍ടി സമരപ്പന്തലിലെത്തി ഉദ്യോഗാർഥികളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ സമരത്തിനെത്തിയത്. പ്രതിപക്ഷത്തിരുന്നപ്പോൾ ഇതേ സമരപ്പന്തലിൽവന്ന് വാക്ക് കൊടുത്തവർ ഇപ്പോൾ അധികാരത്തിലിരുന്ന് ജനാധിപത്യ സമരത്തോട് ഇങ്ങനെയൊരു സമീപനം സ്വീകരിക്കുന്നതിന്റെ യുക്തിയെന്തെന്ന് വിശദീകരിക്കണം. സർക്കാർ ദുരഭിമാനവും നിഷേധ സമീപനവും വെടിഞ്ഞ് നിരാഹാരം കിടക്കുന്ന വളർമതിയുടെ ജീവൻ രക്ഷിക്കാൻ തയ്യാറാകണം. സർക്കാരിന്റെ നിഷേധാത്മക സമീപനം തുടർന്നാൽ വലിയ പ്രത്യാഘാതങ്ങളും സമരങ്ങളും കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ എസ് ലിജു, ട്രഷറർ എസ് എസ് നിതിൻ, സംസ്ഥാന കമ്മിറ്റി അംഗം ജെ ജിനേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എ ഷാനവാസ്, ജില്ലാ കമ്മിറ്റി അംഗം ബി മനുകൃഷ്‌ണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.








0 comments