ഇനി നാദലയത്തിൽ രാപകലുകൾ

ഗുരുവായൂര്‍
ഗുരുവായൂരിന് ഇനി സംഗീതസാന്ദ്രമായ പതിനഞ്ച് രാപകലുകള്‍. ഗുരുവായൂര്‍ ഏകാദശി ചെമ്പൈ സംഗീതോത്സവം മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് അധ്യക്ഷനായി. ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്കാരം പ്രശസ്ത മൃദംഗ വിദ്വാൻ ഡോ. ടി കെ മൂർത്തിയക്ക് മന്ത്രി സമ്മാനിച്ചു. ചെമ്പൈ ഗ്രാമത്തില്‍ നിന്നും കൊണ്ടുവന്ന ചെമ്പൈ ഭാഗവതരുടെ തംബുരു സംഗീതോത്സവ വേദിയില്‍ പ്രതിഷ്ഠിച്ചു. ഗായിക ഡോ. കെ എസ് ചിത്ര, എന്‍ കെ അക്ബര്‍ എംഎല്‍എ, ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ പി സി ദിനേശൻ നമ്പൂതിരിപ്പാട്, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ എസ് ബാലഗോപാൽ, എം യു ഷിനിജ, ചെമ്പൈ സംഗീതോത്സവം കമ്മിറ്റി അംഗങ്ങളായ ഡോ. കെ ഓമനക്കുട്ടി, തിരുവിഴ ശിവാനന്ദൻ, എൻ ഹരി, ചെമ്പൈ സുരേഷ്, ഗുരുവായൂർ കെ മണികണ്ഠൻ, ബി എസ് വിദ്യാധരൻ, ആനയടി പ്രസാദ്, ചേപ്പാട് വാമനൻ നമ്പൂതിരി, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാൽ, ശോഭ ഹരിനാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം ഡോ. ടി കെ മൂര്‍ത്തിയുടെ നേതൃത്വത്തില്‍ കച്ചേരി നടന്നു. മധുരൈ എന്‍ ശിവഗണേഷ് വായ്‌പ്പാട്ടിന് ടി കെ മൂര്‍ത്തിയെ കൂടാതെ അമ്പലപ്പുഴ പ്രദീപ്, കൊടുന്തിരപ്പിള്ളി പരമേശ്വരൻ, കുമരകം ഗണേഷ് ഗോപാല്‍ എന്നിവരും പക്ക മേളക്കാരായി. ശനി രാവിലെ ഏഴിന് ശ്രീലകത്തുനിന്ന് പകർന്നെത്തിക്കുന്ന ദീപം ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിൽ തെളിക്കുന്നതോടെ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമാകും. ദേവസ്വം യൂട്യൂബ് ചാനൽ, ആകാശവാണി, ദൂരദർശന്‍ എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.









0 comments