കലാപഭൂമിയായി ഡിസിസി ഓഫീസ്

തൃശൂർ ഡിസിസി ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ കോലവുമായി സമരംചെയ്‌ത മറ്റത്തൂരിലെ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുന്നു
തൃശൂർ
കെഎസ്‌യു തമ്മിലടിക്ക് പിന്നാലെ ഡിസിസി പ്രസിഡന്റിന്റെ കോലവുമായി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തിയതോടെ തൃശൂർ ഡിസിസി ഓ-ഫീസ് കലാപഭൂമിയായി. ഡിസിസി നേതൃത്തെ പ്രതിഷേധമറിയിക്കാൻ എത്തിയ സ്വന്തം അണികളെ ഭരണസ്വാധീനം ഉപയോഗിച്ച് പൊലീസ് ബലപ്രയോഗത്തിൽ നീക്കുന്നതിനും ഡിസിസി സാക്ഷ്യം വഹിച്ചു. കരുണാകര സപ്‌തതി മന്ദിരത്തിൽ മഹാത്മാഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും പ്രതിമയ്‌ക്ക് മുന്നിലാണ് കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഡിസിസി പ്രസിഡന്റ് ജോസ-ഫ് ടാജറ്റിന്റെ കോലവുമായി പ്രതിഷേധിച്ചത്. മറ്റത്തൂർ മണ്ഡലം പ്രസിഡന്റായി ഹസൻ വില്ലൻ എന്നയാളെ എകപക്ഷീയമായി ഡിസിസി പ്രസിഡന്റ് നിയമിച്ചതിലാണ് പ്രതിഷേധം. വിഷയം അറിഞ്ഞപ്പോൾ ഡിസിസി പ്രസിഡന്റിനെ പലവട്ടം വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നൈജോ വാസുപുരത്തുക്കാരൻ പറഞ്ഞു. അതുകൊണ്ടാണ് ഡിസിസിയിലേക്ക് വരേണ്ടി വന്നത്. തങ്ങളുടെ കുടുംബത്തേക്ക് പരാതി പറയാൻ എത്തിയാൽ പൊലീസിനെ വിളിക്കുന്നത് ശരിയല്ല. തങ്ങൾ അക്രമത്തിന് വന്നതല്ല, എന്നാൽ ഡിസിസി നേതൃത്വം ആവശ്യപ്പെട്ടപ്രകാരം സ്ഥലത്ത് എത്തിയ പൊലീസ് ബലംപ്രയോഗിച്ചും വലിച്ചിഴച്ചുമാണ് ജീപ്പിൽ കയറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മറ്റത്തൂരിൽ ബിജെപിയും കോൺഗ്രസും ചേർന്നാണ് ഭരണം നടത്തുന്നത്. കോൺഗ്രസ് ഉന്ന ത നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇത്. വിവാദമായതോടെ വൈസ് പ്രസിഡന്റ് തൽക്കാലം രാജിവച്ചെങ്കിലും തുടർന്നും ബിജെപി പിന്തുണയോടെയാണ് ഭരിക്കുന്നത്. ബിജെപിയുമായി ചേർന്ന് ഭരിക്കുന്നവരെ അയോഗ്യരാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ആറുമാസം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും നടപടികളുണ്ടായില്ല. ഇതിനിടെയാണ് ഹസൻ വില്ലനെ മണ്ഡലം പ്രസിഡന്റായി നിയമിച്ച് ബ്ലോക്ക് പ്രസിഡന്റ് സുധൻ കാരയിലിന് ഡിസിസി പ്രസിഡന്റ് ഏകപക്ഷീയമായി കത്ത് നൽകിയത്. കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിൽ നടന്ന കെഎസ്‌യു ജില്ലാകമ്മിറ്റി യോഗം തമ്മിലടിച്ച് പിരിഞ്ഞിരുന്നു. ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ജില്ലാ സെക്രട്ടറി വിഷ്‌ണു പ്രസാദ് നെടുങ്ങാട്ടിനുനേരെ വധഭീഷണി മുഴക്കിയതാണ് തർക്കങ്ങൾക്കിടയാക്കിയത്. ഇതിനിടെ ജോസഫ് ടാജറ്റിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് പരാതി നൽകിയിട്ടുണ്ട്.








0 comments