മൺറോതുരുത്തിൽ ഗുരുവിന്റെ പേരിലും തട്ടിപ്പ്

കൊല്ലം
വി ഡി സതീശന്റെ ബജറ്റ് വിസ്‌മയം. മൺറോതുരുത്തിൽ ശ്രീനാരായണ ഗുരുവിന്റെ പേരിലും തട്ടിപ്പ്. കല്ലട ജലോത്സവ സ്ഥിരം പവിലിയൻ പദ്ധതിയിലാണ് തട്ടിപ്പ്. എൽഡിഎഫ് സർക്കാരിന്റെ ബജറ്റിൽ ടോക്കൺ പ്രൊവിഷനായി രണ്ടുകോടി അടങ്കൽ തുകയുള്ളതും ടോക്കൺ പ്രൊവിഷൻ മാത്രമുള്ളതുമായ കല്ലട ജലോത്സവ സ്ഥിരം പവിലിയൻ പദ്ധതി ശ്രീനാരായണഗുരു പവിലിയൻ എന്ന പേരിലാണ് യുഡിഎഫ് സർക്കാർ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ടോക്കൺ പ്രൊവിഷൻ എന്ന നിലയിൽ 100രൂപ മാത്രമാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന് നവോഥാന നായകന്റെ പേര് വലിച്ചിഴച്ചതിൽ തുരുത്തിൽ പ്രതിഷേധം ശക്തമാണ്. മാറ്റം നന്പരിൽമാത്രം മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ജനുവരി 29ന് അവതരിപ്പിച്ച ബജറ്റ് യുഡിഎഫ് സർക്കാർ പുതുക്കിയപ്പോൾ മൺറോതുരുത്തിന് വന്ന മാറ്റം പ്രൊജക്ടുകളുടെ നമ്പർ മാത്രം. തുകയും പദ്ധതിയുമെല്ലാം കഴിഞ്ഞ ബജറ്റിന്റെ തനിപ്പകർപ്പ്. കഴിഞ്ഞ ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്ന സ്ഥിരം പവിലിയൻ പദ്ധതി 1059–ാം നന്പരായാണ് ഇടംപിടിച്ചത്. അത് ഇപ്പോൾ 3316–ാം നന്പരായി. 20339–ാം നന്പരായി മൺറോതുരുത്ത് ടൂറിസം പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ച തുക തന്നെയാണ് ഇപ്പോഴും. രണ്ടുകോടി രൂപ അടങ്കൽ തുകയുള്ള പദ്ധതിക്ക് കഴിഞ്ഞ സർക്കാർ 40ലക്ഷം രൂപയാണ് നീക്കിവച്ചത്. ഇതിപ്പോൾ 4584–ാം നന്പരായി എന്നുമാത്രം. ‘പെരുങ്ങാലം ബോട്ട് ജട്ടിയും വെയ്‌റ്റിങ്‌ഷെഡും, പൂപ്പാണി വാഴയിൽ പാലവും രണ്ട് കി. മീറ്റർ റോഡും’ അടക്കമുള്ള പദ്ധതിയുടെ അവസ്ഥയും വ്യത്യസ്‌തമല്ല.









0 comments