ad
Deshabhimani

പുനലൂർ– ഇടപ്പാളയം ട്രാക്ക്

രാത്രികാല പരിശോധന 
പുനരാരംഭിക്കാൻ സമ്മർദം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 23, 2026, 02:07 AM | 1 min read

പുനലൂര്‍

റെയിൽവേ ട്രാക്കിൽ കരടി, കടുവ എന്നിവയുടെ സാന്നിധ്യം അറിഞ്ഞതോടെ പുനലൂർ മുതൽ ഇടപ്പാളയം വരെ താൽക്കാലികമായി നിർത്തിവച്ച രാത്രികാല പരിശോധന സുരക്ഷാനടപടികളൊന്നും സ്വീകരിക്കാതെ വീണ്ടും ആരംഭിക്കാൻ ജീവനക്കാരുടെ മേൽ സമ്മർദം. മധുര റെയിൽവേ ഡിവിഷന്റെ പരിധിയിൽ വരുന്ന പുനലൂർ സെക്‌ഷന്റെ ഭാഗമാണ്‌ ഇവിടെ. സമ്മർദം കൂടിയതോടെ നൈറ്റ്‌ പട്രോൾമാന്മാർ പരിഭ്രാന്തിയിലായി. കഴിഞ്ഞ ആഴ്ചകളിലാണ്‌ കരടിയുടെയും കടുവയുടെയും സാന്നിധ്യമുണ്ടായത്‌. ഇടമൺ സ്റ്റേഷന്‌ സമീപം കടുവയെ കണ്ട വിവരം ലോക്കോ പൈലറ്റ് അധികൃതരെ അറിയിച്ചിരുന്നു. തെന്മല ഭാഗത്തും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഒറ്റക്കൽ ഭാഗങ്ങളിൽ ആനകളുടെ തുടർച്ചയായുള്ള സാമീപ്യം നൈറ്റ്‌ പട്രോൾമാന്മാർ നേരിട്ട്‌ അനുഭവിച്ചതാണ്‌. അടുത്ത സമയത്ത്‌ കരടിയെ പകൽ സമയങ്ങളിൽ പോലും കണ്ടു. മാധ്യമങ്ങളും വാർത്ത റിപ്പോർട്ട്‌ ചെയ്‌തതാണ്‌. പുനലൂർ, ഇടപ്പാളയം മേഖലയിലെ രാത്രികാല പരിശോധന ജീവനക്കാരുടെ ജീവന് ഭീഷണിയാണ്‌. ഇ‍ൗ സാഹചര്യത്തിൽ രാത്രികാല പരിശോധനയ്‌ക്ക് മറ്റ് മാർഗങ്ങൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്‌. ​സുരക്ഷയൊരുക്കാതെ റെയില്‍വേ സുരക്ഷാസ‍ൗകര്യങ്ങൾ ഒന്നും ഇല്ലാതെയുള്ള ട്രാക്കിലെ രാത്രികാല പരിശോധന റെയിൽവേ എൻജിനിയറിങ് വിഭാഗത്തിലെ നൈറ്റ്‌ പട്രോൾമാന്മാർക്ക്‌ പേടിസ്വപ്‌നമാണ്‌. രാത്രി ഡ്യൂട്ടിക്കുള്ളത്‌ പ്രകാശം തീരെക്കുറവായ ടോർച്ച്‌ മാത്രമാണ്‌. ചാർജ്‌ നഷ്ടപ്പെട്ടാൽ റീ ചാർജിങ്ങിനും സ‍ൗകര്യമില്ല. സേഫ്‌റ്റി ഷൂസും മഴക്കോട്ടും റെയിൽവേ നൽകുന്നില്ല. വിശ്രമവും ഇവർക്ക്‌ പറഞ്ഞിട്ടില്ല. നൈറ്റ്‌ പട്രോൾമാന്മാർ സംഗമിക്കുന്നിടത്ത്‌ ഷെൾട്ടർ സ്ഥാപിക്കണമെന്ന ആവശ്യത്തിലും നടപടിയുണ്ടായില്ല. ഹാർമർ, സ്‌പാനർ, സിഗ്‌നൽ ഫ്ലാഗ്‌, ഡറ്റോനേറ്റർ എന്നിവ ഡ്യൂട്ടിയുടെ ഭാഗമായി കൊണ്ടുപോകുന്ന നൈറ്റ്‌ പട്രോൾമാൻമാരുടെ അവസ്ഥ ദയനീയമാണ്‌. ട്രാക്ക്‌ പരിശോധനയ്‌ക്ക്‌ മെക്കനൈസ്‌ഡ്‌ പട്രോളിങ് വേണമെന്ന ആവശ്യത്തിലും സതേൺ റെയിൽവേ നടപടി സ്വീകരിച്ചിട്ടില്ല. മോട്ടോർ ട്രോളി, ലൈറ്റ്‌ എൻജിൻ എന്നിവ നടപ്പാക്കാനും റെയിൽവേ തയ്യാറാകുന്നില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home